അഹ്മദ് ഭായ്, കോൺഗ്രസിെൻറ കലവറക്കാരൻ
text_fieldsന്യൂഡൽഹി: അത്രമേൽ അടുത്തറിയുന്നവർ 'എ.പി' എന്നു വിളിക്കും. രാഷ്ട്രീയ സഹപ്രവർത്തകർക്ക് 'അഹ്മദ് ഭായ്'. ഗുജറാത്തിലെ ബറൂചുകാരുടെ 'ബാബു ഭായ്.' അതിനെല്ലാമിടയിൽ അഹ്മദ് പട്ടേൽ ഒരിക്കലും മറക്കാത്ത രണ്ടു പേരുകൾ സംഭാവന ചെയ്തത് കേരളമാണ്. പാതിരാവിൽ സജീവമാകുന്ന അദ്ദേഹത്തെ പത്രക്കാർ 'പാതിരാ പട്ടേൽ' എന്നു വിളിച്ചു. കോൺഗ്രസിലെ ഗ്രൂപ്പു പോരിനിടയിൽ, പരിഗണന കിട്ടാതെ കലി കയറിയ നേരത്ത് കെ. മുരളീധരൻ 'അലൂമിനിയം പട്ടേൽ' എന്ന് പരിഹസിച്ചു. അഹ്മദ് പട്ടേൽ എന്നും പുഞ്ചിരിയോടെ കേട്ട രണ്ടു ചെല്ലപ്പേരുകൾ.
കേരളവുമായും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായും ഏറെ അടുപ്പമുണ്ടായിരുന്നു അഹ്മദ് പട്ടേലിന്. കരുണാകരൻ-ആൻറണി പോരിെൻറ കാലത്ത് ഊരാക്കുടുക്കുകൾ അഴിച്ചെടുക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചത് അഹ്മദ്് പട്ടേലിനെയായിരുന്നു.
കേരളത്തിെൻറ സംഘടന ചുമതല വഹിച്ച പല എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും സലാം പറഞ്ഞ് പിന്മാറിയ എ, ഐ പോരിനു മുന്നിൽ, പരിഹാര ഫോർമുലകൾ ചുട്ടെടുക്കാൻ അഹ്മദ് പട്ടേൽ പാതിരാത്രികളിൽ ഉണർന്നിരുന്നു. തീൻമൂർത്തി ഭവന് അടുത്ത മദർ തെരേസ ക്രസൻറ് റോഡിലെ 23ാം നമ്പർ ബംഗ്ലാവ് പകലുറക്കം വിട്ട് സജീവമാകുന്നത് പാതിരാത്രിക്കാണ്. പട്ടേലിെൻറ അണിയറ ഓപറേഷൻ മുഴുവൻ അന്നേരമാണ്.
കരുണാകരനും ആൻറണിയുമൊഴികെ, ഡൽഹിയിൽ വന്ന് പട്ടേലിെൻറ അപ്പോയ്ൻമെൻറിന് കാത്തുകെട്ടിക്കിടക്കാത്ത ഗ്രൂപ്പ് നേതാക്കളോ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളോ ഇല്ല. അവരുടെ പരാതി, പരിഭവ, രോഷമെല്ലാം ഹൈകമാൻഡ് പ്രതിനിധിയായിരുന്ന അഹ്മദ് പട്ടേൽ കേട്ടു. പരിഹാരത്തിെൻറ കുറുക്കുവഴികൾ നെയ്തു.
കരുണാകരനും മുരളീധരനും കോൺഗ്രസിൽനിന്ന് പടിയിറങ്ങിയ കാലത്ത് അഹ്മദ് പട്ടേലിനായിരുന്നു കേരളത്തിെൻറ ചുമതല. അങ്ങനെയൊരിക്കൽ രോഷം പൊട്ടിയാണ്, ഉരുക്കു മനുഷ്യനെന്ന് വിളിച്ചിരുന്ന സർദാർ വല്ലഭായ് പട്ടേലിെൻറ നാട്ടുകാരനായ അഹ്മദ് പട്ടേലനെ 'അലൂമിനിയം പട്ടേൽ' എന്ന് മുരളീധരൻ വിളിച്ചത്. പാതിരാ ചർച്ചകളുടെ -ഫലം കാത്ത് എത്രയോ രാത്രികളിൽ പട്ടേലിെൻറ ബംഗ്ലാവിലും കേരള ഹൗസിലുമൊക്കെയായി ഉറക്കമിളക്കേണ്ടിവന്ന മാധ്യമപ്രവർത്തകർക്കിടയിൽ അതിനും മുേമ്പ പട്ടേൽ 'പാതിരാ പട്ടേലാ'യി മാറിയിരുന്നു. പുതിയ വിളിപ്പേരുകളുടെ അർഥം മാധ്യമപ്രവർത്തകരോടുതന്നെ ചോദിച്ചു മനസ്സിലാക്കി പട്ടേൽ അടക്കിച്ചിരിച്ചു.
ചിരിയുടെ കലവറ പോലും സൂക്ഷിച്ചു തുറക്കുന്ന ജാഗ്രതക്കാരനായ അഹ്മദ് പട്ടേൽ നെഹ്റുകുടുംബത്തിന് കലവറക്കാരനും കൈത്താങ്ങുമായിരുന്നു. ട്രഷറർക്കാണ് പാർട്ടി കലവറയുടെ ചുമതല. പണം സൂക്ഷിപ്പുകാരൻ എന്നതിനേക്കാൾ, ഹൈകമാൻഡിെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരൻ. പാർട്ടിയുടെ സ്വത്ത്. പാർട്ടി തന്ത്രങ്ങളുടെ ഗ്രീൻ റൂം മാനേജർ. പ്രതിസന്ധിക്ക് മറുവഴി രൂപപ്പെടുത്തുന്ന ട്രബിൾ ഷൂട്ടർ. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വിശ്വസ്തനായിരുന്ന അഹ്മദ് പട്ടേൽ, സോണിയ ഗാന്ധിക്ക്് രാഷട്രീയ പ്രവേശനം മുതൽ ദുർഘട ഘട്ടങ്ങളിൽ വഴികാട്ടിയും സഹായിയും രക്ഷകനുമായിരുന്നു.
1993 മുതൽ എട്ടുതവണ എം.പിയായിട്ടും ഒരിക്കൽപോലും കേന്ദ്രമന്ത്രിയാകാതിരുന്ന കോൺഗ്രസ് നേതാവ്. എന്നാൽ അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോൺഗ്രസിലെ അധികാരകേന്ദ്രമായി അഹ്മദ് പട്ടേൽ നിന്നു. പ്രശ്നപരിഹാരങ്ങളുടെ പുറംനീക്കങ്ങളിൽ പ്രണബ് മുഖർജി, പിന്നാമ്പുറ നീക്കങ്ങളിൽ അഹ്മദ് പട്ടേൽ എന്നതായിരുന്നു രീതി. പാർട്ടിക്കും ഭരണത്തിനുമിടയിൽ, പാർട്ടിക്കും സഖ്യകക്ഷികൾക്കുമിടയിൽ, വ്യവസായ ലോകവുമായുള്ള ബന്ധങ്ങളിലെല്ലാം വിശ്വസ്തമായ പാലമായിരുന്നു അഹ്മദ് പട്ടേൽ. പണസമാഹരണം പട്ടേലിെൻറ ദൗത്യമായിരുന്നു.
ഗുജറാത്തിൽ ബി.ജെ.പിക്കും മോദി-അമിത് ഷാമാർക്കും തോൽപിക്കാൻ കഴിയാതെ പോയ നേതാവാണ് അഹ്മദ് പട്ടേൽ. മൂന്നു വർഷം മുമ്പത്തെ രാജ്യസഭ തെരഞ്ഞെടുപ്പിൽ പണി പതിനെട്ടു നോക്കിയിട്ടും ജയിച്ചത് പട്ടേൽ. അതിനൊടുവിൽ പട്ടേലിനെ ചുറ്റിപ്പറ്റി കള്ളപ്പണ, സാമ്പത്തിക ക്രമക്കേട്, ബാങ്ക് തിരിമറി ആരോപണങ്ങൾ വട്ടമിട്ടു പറന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ജൂലൈയിലും പട്ടേലിനെ ചോദ്യം ചെയ്തിരുന്നു.
പട്ടേലിെൻറ വേർപാട് കോൺഗ്രസിന് ഗുജറാത്തിലും കനത്ത നഷ്ടമാണ്. പട്ടേൽ ഡൽഹിയിൽ പടർന്നു പന്തലിച്ചെങ്കിലും ഗുജറാത്തിൽ പാർട്ടി ഒന്നിനൊന്നു ശോഷിച്ചു. ബി.ജെ.പിയോട് ഏറ്റുമുട്ടി നിൽക്കാൻപോന്ന ഒരാളെ വാർത്തെടുക്കാൻ കോൺഗ്രസ് ഏറെ പണിപ്പെടേണ്ടി വരും. നെഹ്റുകുടുംബത്തിെൻറ അനുശോചന സന്ദേശങ്ങളിൽ തീരാനഷ്ടം വ്യക്തമാണ്. കോൺഗ്രസിന് നഷ്ടപ്പെട്ടത് നെടുംതൂണാണെന്ന് രാഹുൽ ഗാന്ധിയും വിശ്വസ്തതയും അർപ്പണവും സഹായമനസ്സുമുള്ള സഹപ്രവർത്തകന് പകരംവെക്കാൻ മറ്റൊരാളില്ലെന്ന് സോണിയ ഗാന്ധിയും സങ്കടപ്പെട്ടു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
ന്യൂഡൽഹി: അഹ്മദ് പട്ടേലിെൻറ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു. മികച്ച പാർലമെേൻററിയനും കക്ഷിരാഷ്ട്രീയ ഭേദമന്യേ സൗഹൃദം സൃഷ്ടിച്ച സൗമ്യ വ്യക്തിത്വവുമായിരുന്നു പട്ടേലെന്ന് രാഷ്ട്രപതി പറഞ്ഞു.
പട്ടേലിെൻറ നിര്യാണം അതീവ ദുഃഖകരമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ കൂർമബുദ്ധിക്കാരനായ പട്ടേൽ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. പട്ടേലിെൻറ മകൻ ഫൈസലിനോട് സംസാരിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, പ്രകാശ് ജാവ്ദേക്കർ, സ്മൃതി ഇറാനി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, അമരീന്ദർ സിങ്, ഭൂപേഷ് ബാഘേൽ, വി. നാരായണ സ്വാമി തുടങ്ങിയവരും അനുശോചിച്ചു.
അഹ്മദ് പേട്ടലിന് ആദരാഞ്ജലി
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവും രാജ്യസഭാ അംഗവും എ.ഐ.സി.സി ട്രഷററുമായ അഹ്മദ് പട്ടേലിന് കോൺഗ്രസ് നേതാക്കളുടെ ആദരാഞ്ജലി.
കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ പേട്ടലിെൻറ ഛായാചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നേതാക്കളായ കെ.സി. ജോസഫ് എം.എൽ.എ, എം. വിൻസെൻറ് എം.എൽ.എ, തമ്പാനൂർ രവി, കെ.പി. അനിൽകുമാർ, പാലോട് രവി, ടി. ശരത്ചന്ദ്ര പ്രസാദ്, വിജയൻ തോമസ്, പന്തളം സുധാകരൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.