അഹ്മദാബാദ് സ്ഫോടനം: ശിക്ഷ നിശ്ചയിക്കാൻ വെള്ളിയാഴ്ച വാദം കേൾക്കും
text_fieldsഅഹ്മദാബാദ്: 2008 ജൂലൈയിലെ അഹ്മദാബാദ് സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ നിശ്ചയിക്കുന്നതിനായി വെള്ളിയാഴ്ച ഇരു വിഭാഗത്തിന്റെയും വാദം കേൾക്കും.
56 പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിൽ 49 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി, ശിക്ഷാവിധി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിനായി കോടതി ചേർന്നപ്പോൾ, കേസിലെ അടുത്ത നടപടിക്കു മുമ്പ് പ്രതികളുമായി ബന്ധപ്പെട്ട ചില രേഖകൾ ശേഖരിക്കാൻ മൂന്നാഴ്ച സമയം നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഭ്യർഥിച്ചു.
എന്നാൽ, ഇതിന് വെള്ളിയാഴ്ചവരെ സമയം നൽകാമെന്നും ശിക്ഷയുടെ തോത് നിശ്ചയിക്കുന്നതിൽ ഇരു വിഭാഗത്തിനും പറയാനുള്ളത് അന്ന് കേൾക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. പ്രതികൾക്ക് ശിക്ഷ കുറഞ്ഞു കിട്ടുന്നതിനായി ചൂണ്ടിക്കാണിക്കാനുള്ള അവരുടെ വൈദ്യ പരിശോധനരേഖകൾ, വിദ്യാഭ്യാസ യോഗ്യത രേഖകൾ തുടങ്ങിയവ ശേഖരിക്കാനാണ് പ്രതിഭാഗം സമയം ചോദിച്ചത്. കോവിഡ് മഹാമാരി കാരണം നേരത്തെ ഈ രേഖകൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഭാഗം വിശദീകരിച്ചു. ഇക്കാര്യത്തിൽ പ്രോസിക്യൂഷന്റെയും വാദം കേട്ടശേഷം ശിക്ഷ വിധിക്കാമെന്നും പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ വ്യക്തമാക്കി.
നാല് മലയാളികളടക്കം 49 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് ചൊവ്വാഴ്ച കണ്ടെത്തിയത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 28 പ്രതികളെ കുറ്റമുക്തരാക്കുകയും ചെയ്തിരുന്നു.
ശിബിലി എ. കരീം, ശാദുലി എ. കരീം, മുഹമ്മദ് അൻസാർ നദ്വി, വി. ശറഫുദ്ദീൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മലയാളികൾ. അബ്ദുൽ സത്താർ, ഇ.ടി. സൈനുദ്ദീൻ, സുഹൈബ് പൊട്ടുണിക്കൽ എന്നീ മലയാളികളടക്കമുള്ളവരെ കുറ്റമുക്തരാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.