അഹ്മദാബാദ് സ്ഫോടന പരമ്പര: 7,000 പേജിന്റെ വിധിന്യായം, ആയിരത്തിലേറെ സാക്ഷികൾ
text_fieldsന്യൂഡൽഹി: 2008 ജൂലൈ 26ന് സന്ധ്യമയങ്ങുമ്പോഴാണ് ഗുജറാത്തിലെ ഏറ്റവുംവലിയ നഗരമായ അഹ്മദാബാദിനെ നടുക്കി സ്ഫോടനപരമ്പര ഉണ്ടായത്. വൈകീട്ട് 6.45നും 7.55നും ഇടയിലുള്ള 70 മിനിറ്റിൽ 14 ഇടങ്ങളിലായി 21 ബോംബുകൾ പൊട്ടിത്തെറിച്ചു. 56 മനുഷ്യർക്ക് ജീവൻ നഷ്ടമായി. 250ലേറെ പേർക്ക് പരിക്കേറ്റു.
തലേദിവസം ബംഗളൂരുവിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് മുക്തമാകാത്ത രാജ്യം അഹ്മദാബാദിലെ വാർത്ത കേട്ട് നടുങ്ങി. മണിക്കൂറുകൾക്കകം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇ-മെയിൽ സന്ദേശമെത്തി. അതുവരെ കേട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ പേരിലായിരുന്നു സന്ദേശം; 'ഇന്ത്യൻ മുജാഹിദീൻ'.
അവരുടെ ഉദ്ദേശ്യവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. '2002ലെ ഗുജറാത്ത് വംശഹത്യക്കുള്ള പ്രതികാരം'. സൈക്കിളുകളിൽ ഘടിപ്പിച്ച ടിഫിൻ കാരിയറുകളിലാണ് കൂടുതൽ ബോംബുകളും സ്ഥാപിച്ചിരുന്നത്. അഹ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവിസ് ബസുകളും ലക്ഷ്യം വെക്കപ്പെട്ടു. രണ്ട് ആശുപത്രികൾക്കു സമീപവും ബോംബുകൾ പൊട്ടി.
ആദ്യഘട്ട സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ കൊണ്ടുവരുന്ന സമയത്തായിരുന്നു ഇവിടങ്ങളിലെ സ്ഫോടനം. 29 ബോംബുകൾ പൊട്ടാതെ ശേഷിച്ചു. മാധ്യമങ്ങൾക്ക് ലഭിച്ച ഇ-മെയിലുകളുടെയും സ്ഫോടകവസ്തുക്കളുടെയും തുമ്പ് പിടിച്ചായിരുന്നു അന്വേഷണം തുടങ്ങിയത്. ഇ-മെയിലിന്റെ ഉറവിടം തേടിയുള്ള തിരച്ചിൽ മഹാരാഷ്ട്രയിലെ നവി മുംബൈയിലേക്ക് എത്തിച്ചു. പൊട്ടാത്ത സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കാറുകളും പ്രതികളിലേക്കുള്ള വഴിയായി.
അന്വേഷണം യു.പിയിലേക്കും സൂറത്തിലേക്കും കേരളത്തിലേക്കും രാജസ്ഥാനിലേക്കും തമിഴ്നാട്ടിലേക്കും ബംഗാളിലേക്കും ഡൽഹിയിലേക്കും വ്യാപിച്ചു. 35 പ്രത്യേക കേസുകളാണ് സ്ഫോടനപരമ്പരയിൽ മൊത്തം രജിസ്റ്റർ ചെയ്തത്. 35 കേസും ഒന്നിച്ചാക്കി ഒരുകേസായിട്ടായിരുന്നു വിചാരണ. 2009ൽ വിചാരണ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ 78 പേരായിരുന്നു പ്രതികൾ. അതിൽ 28 പേരെ കോടതി വെറുതെവിട്ടു.
ആകെ പ്രതികളിൽ 18 പേരും ഗുജറാത്ത് സ്വദേശികളാണ്. 10 ഉത്തർപ്രദേശുകാർ. എട്ടു മലയാളികളും. ഇതിൽ മൂന്നുപേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരു പതിറ്റാണ്ടിലേറെ നീണ്ട വിചാരണക്കിടയിൽ 1163 സാക്ഷികളെയാണ് വിസ്തരിച്ചത്. അതിൽ 26 'താര സാക്ഷി'കൾ.
പ്രോസിക്യൂഷൻ വാദത്തിന് വലിയതോതിൽ പിൻബലമേകിയ ഈ സാക്ഷികളുടെ പേരോ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. 7000ത്തിലേറെ പേജുകളിൽ നീണ്ടുകിടക്കുന്നതാണ് പ്രത്യേക ജഡ്ജി എ.ആർ. പട്ടേലിന്റെ വിധിപ്പകർപ്പ്.
കാത്തിരുന്ന വിധിയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ
2008ലെ സ്ഫോടന പരമ്പരയിലെ കുറ്റവാളികൾക്ക് വധശിക്ഷയും ജീവപര്യന്തവും വിധിച്ച കോടതി നടപടിയെ മരിച്ചവരുടെ ബന്ധുക്കൾ സ്വാഗതം ചെയ്തു. 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. 2008 ജൂലൈ 26ന് 21 ഇടങ്ങളിൽ നടന്ന സ്ഫോടനപരമ്പരയിൽ 56 പേരാണ് കൊല്ലപ്പെട്ടത്. 200ഓളം പേർക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ 13 വർഷമായി താനും അമ്മയും കാത്തിരുന്ന വിധിയാണിതെന്ന് സ്ഫോടനത്തിൽ പൊള്ളലേറ്റ് ആശുപത്രിയിലായ സമയത്ത് ഒമ്പതു വയസ്സ് മാത്രമുണ്ടായിരുന്ന യാഷ് വ്യാസ് പറഞ്ഞു. ഇപ്പോൾ 22 വയസ്സുകാരനായ യാഷ് ബി.എസ്.സി രണ്ടാം വർഷ വിദ്യാർഥിയാണ്. 50 ശതമാനം പൊള്ളലേറ്റ യാഷ് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു.
വിധി അവിശ്വസനീയം -ജംഇയ്യതുൽ ഉലമായെ ഹിന്ദ്
അഹ്മദാബാദ് ബോംബ് സ്ഫോടന പരമ്പര കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ചത് അവിശ്വസനീയമെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർശദ് മദനി. ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാൻ രാജ്യത്തെ പ്രമുഖ അഭിഭാഷകരെ നിയമിച്ച് കേസ് നടത്തുമെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഹൈകോടതിയിൽനിന്ന് ഈ ചെറുപ്പക്കാർക്ക് പൂർണ നീതി കിട്ടുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. വിചാരണ കോടതി ഈ രീതിയിൽ ശിക്ഷിച്ച പല കേസുകളും ഹൈകോടതിയിൽ എത്തിയപ്പോൾ പൂർണ നീതി ലഭിച്ച സാഹചര്യമുണ്ടെന്ന് അർശദ് മദനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.