അഹ്മദാബാദ് സ്ഫോടനം: പ്രതികൾ പാതാളത്തിൽ ഒളിച്ചാലും ശിക്ഷിക്കുമെന്ന് ശപഥം ചെയ്തിരുന്നു -മോദി
text_fieldsഹർദോയ്(യു.പി): അഹ്മദാബാദ് സ്ഫോടനത്തിന് ഉത്തരവാദികളായവർ പാതാളത്തിൽ ഒളിച്ചാലും അവരെ ശിക്ഷിക്കുമെന്ന് ശപഥം ചെയ്തിരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഹർദോയിയിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില പാർട്ടികൾക്ക് ഭീകരരോട് അനുകമ്പയാണ്. യു.പിയിൽ ഭീകരാക്രമണങ്ങളിൽ പങ്കുള്ളവരുടെ കേസുകൾ പിൻവലിക്കാനാണ് യു.പിയിൽ മുമ്പ് സമാജ്‍വാദി പാർട്ടി ശ്രമിച്ചത്. അന്ന് എസ്.പി കേഡർമാർ നാടൻ തോക്കുമായി നടക്കുന്നത് ജനം കണ്ടതാണ്. ചിലർ പ്രീണനത്തിനുവേണ്ടി നമ്മുടെ ആഘോഷങ്ങൾ തടയുകയാണ്. അവർക്ക് യു.പി ജനത മാർച്ച് പത്തിന് മറുപടി നൽകും -മോദി പറഞ്ഞു.
ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അഹ്മദാബാദ് സ്ഫോടനം നടന്നത്. ആ ദിനം ഒരിക്കലും മറക്കാനാകില്ല. കേസിൽ വാദംകേൾക്കൽ നടക്കുന്നതിനാൽ വർഷങ്ങളായി മിണ്ടാതിരിക്കുകയാണ്. ഇപ്പോൾ കോടതി ശിക്ഷ പ്രഖ്യാപിച്ചുകഴിഞ്ഞതിനാലാണ് രാജ്യത്തിനുമുമ്പാകെ വിഷയം വീണ്ടും ഉന്നയിക്കുന്നത്.
അപകടകരമാണ് സമാജ്‍വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും നിലപാട്. അവർ ഉസാമ ബിൻ ലാദനെപ്പോലുള്ള ഭീകരരെയും ബഹുമാന സൂചകമായി 'ജി' ചേർത്താണ് വിളിക്കുന്നത്. ബട്‍ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്കുവേണ്ടി കണ്ണീരൊഴുക്കുകയാണ് അവർ. അത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണം. -മോദി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.