കൊള്ള നിരക്കുമായി ആംബുലൻസുകൾ; സ്വന്തം കാറുകൾ ആംബുലൻസും ശവമഞ്ചവുമാക്കി മാറ്റി യുവാവ്
text_fieldsഅഹമ്മദാബാദ്: കോവിഡ് ബാധിച്ചവരിൽ നിന്ന് കൊള്ള വില ഈടാക്കുന്ന ആംബുലൻസുകൾക്കെതിരെ സ്വന്തം കാറുകൾ സൗജന്യ ആംബുലൻസാക്കി മാറ്റി 32 കാരൻ.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിന് പിന്നാലെ സ്വകാര്യ ആംബുലൻസുകളും ശവമഞ്ച വാഹനങ്ങളും വൻ തുകയാണ് ഗുജറാത്തിൽ വാടകയായി ഈടാക്കുന്നത്.
ഈ സാഹചര്യത്തിലാണ് അഹമ്മദാബാദിലെ നരോദ സ്വദേശിയായ പ്രവീൺസിങ് പർമർ തെൻറ എസ്.യു.വി ആംബുലൻസാക്കിയത്. മറ്റൊരു വാഹനം മൃതദേഹങ്ങൾ ശ്മശാനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക ശവമഞ്ചമാക്കുകയും ചെയ്തു.
ഭർത്താവ് മരിച്ചതിനെ തുടർന്ന് മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കാൻ ആംബുലൻസുടമകൾ കൊള്ള വില ഈടാക്കുന്നത് പ്രവീൺസിങ് കണ്ടിരുന്നു. ഇതായിരുന്നു സ്വന്തം വാഹനങ്ങൾ ആംബുലൻസാക്കി മാറ്റിയതിന് പിന്നിലെ കാരണം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളിൽ പലരും സാമ്പത്തികമായി പിന്നിലാണ്. ശ്മശാനങ്ങളിൽ ഊഴം കാത്ത് നിൽക്കുന്നതിന് ആംബുലൻസുകൾ മിനിട്ടുകൾ എണ്ണി കാശ് വാങ്ങുകയാണ്. ഇതറിഞ്ഞതോടെയാണ് ഞാനും സുഹൃത്തുക്കളും ഇതിന് ബദലായി എന്തെങ്കിലും ചെയ്യാമെന്ന് ആലോചിച്ചതെന്ന് പ്രവീൺ പറയുന്നു.
ഒരു വണ്ടി ആംബുലൻസും മറ്റൊന്ന് മൃതദേഹങ്ങൾ കൊണ്ടുപോകാനുമാണ് ഉപയോഗിക്കുന്നത്. രോഗികളെ ആശുപത്രികളിലേക്കോ ലബോറട്ടറികളിലേക്കോ പരിശോധനയ്ക്കായി കൊണ്ടുപോകാനായി സെഡാനായ മൂന്നാമത്തെ കാറും ഉപയോഗിക്കുന്നുണ്ട്. എല്ലാം സൗജന്യമായാണ് സർവീസ് നടത്തുന്നത്.
20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആർക്കും മൂന്ന് വാഹനങ്ങളും ഉപയോഗിക്കാം. സേവനം ആരംഭിച്ച് വെറും ഏഴു ദിവസത്തിനുള്ളിൽ നൂറുകണക്കിന് കോളുകളാണ് ലഭിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട പലരും സ്വന്തം വാഹനങ്ങൾ ആംബുലൻസാക്കുന്നതിന് തയാറായതായി പ്രവീൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.