ഗുജറാത്തിൽ ചായക്കച്ചവടക്കാരൻ വ്യവസായികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബി.എം.ഡബ്ല്യു കാർ വാങ്ങി, ഒടുവിൽ അറസ്റ്റ്
text_fieldsഅഹമ്മദാബാദ്: വ്യവസായികളെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ചായക്കച്ചവടക്കാരനും സുഹൃത്തായ അലക്കുകാരനും അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. തട്ടിയെടുത്ത പണം കൊണ്ട് ഇരുവരും ചേർന്ന് ബി.എം.ഡബ്ല്യു കാർ വാങ്ങിയിരുന്നു.
ചായക്കച്ചവടക്കാരനായ യൂസുഫ് ഗാഞ്ചി (36), അലക്കുകാരനായ ആരിഫ് ഗാഞ്ചി (27) എന്നിവരാണ് അറസ്റ്റിലായത്. ചെറുകിട വ്യവസായികളെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. വ്യവസായ യൂണിറ്റുകളിലെ ചെറിയ നിയമലംഘനങ്ങൾ കണ്ടെത്തിയ ശേഷം, ഇത് റിപ്പോർട്ട് ചെയ്ത് ലൈസൻസ് റദ്ദാക്കിക്കുമെന്ന് ഇവർ ഉടമകളെ അറിയിക്കുമായിരുന്നു. ചിലർ പണം നൽകാൻ വിസമ്മതിച്ചപ്പോൾ, ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യ കുറിപ്പിൽ വ്യവസായികളുടെ പേരെഴുതുമെന്നും ഇവർ ഭീഷണിപ്പെടുത്തും. നിരവധി പേരിൽ നിന്നാണ് ഇവർ ഇത്തരത്തിൽ പണം തട്ടിയത്.
ജാവേദ് ഗലേറിയ എന്ന വ്യവസായിയിൽ നിന്ന് 31.5 ലക്ഷം രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. മൂന്നുവർഷത്തോളം ഇയാളെ ബ്ലാക്ക്മെയിൽ ചെയ്തു. തുടർന്ന് ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.
എട്ട് വ്യവസായികളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പൊലീസ് പറയുന്നത്. കൂടുതൽ പേർ തട്ടിപ്പിനിരയായെങ്കിൽ പരാതിയുമായി മുന്നോട്ടു വരാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ഗുജറാത്തിൽ മറ്റൊരു സംഭവത്തിൽ 13കാരനായ വിദ്യാർഥിക്കെതിരെ സഹപാഠിയെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയതിന് കേസ് രജിസ്റ്റർ ചെയ്തു. സഹപാഠിയുടെ വീട്ടിൽ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപയാണ് വിദ്യാർഥി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. സഹപാഠിയുടെ പിതാവ് അലമാരയിൽ സൂക്ഷിച്ച പണം കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടർന്നാണ്, സഹപാഠി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് താൻ പണം മോഷ്ടിച്ച് കൊണ്ടുനൽകിയതായി മകൻ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.