"30 മിനിറ്റിൽ കളി പുനരാരംഭിക്കാം...!" കനത്തമഴയിൽ 'ഒഴുകിപ്പോയ' അമിത്ഷായുടെ വാക്കുകളെ തേടിപ്പിടിച്ച് ട്രോളർമാർ
text_fieldsഅഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പകിട്ട് ഒരു മഴയെത്തിയതോടെ ഒഴുകി പോയ കാഴ്ചയാണ് കഴിഞ്ഞ ദിവസം മുതൽ രാജ്യം കണ്ടത്. ഐ.പി.എൽ കലാശപ്പോരിന് വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി അന്താരാഷ്ട്ര സ്റ്റേഡിയം മഴപെയ്തതോടെ ചോർന്നൊലിക്കാൻ തുടങ്ങി. മലവെള്ളപാച്ചിൽ കണക്കെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.
ഞായറാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്ന മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റേണ്ടി വന്നു. തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ് കഴിഞ്ഞ് ചെന്നൈ ബാറ്റിങ് തുടങ്ങിയതോട മഴ വീണ്ടും വില്ലനായെത്തി. മഴ മാറിയിട്ടും പിച്ചിലെ വെള്ളം പാരയായി. പിന്നീട് കണ്ടത് വെള്ളം വറ്റിക്കാൻ സ്പോഞ്ചുമായി ജോലിക്കാർ ക്രീസിലിറങ്ങിയ കാഴ്ചയാണ്. ബി.സി.സി.ഐയുടെ പകുതി പോലും വരുമാനമില്ലാത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിച്ചും ഔട്ട് ഫീൽഡുമെല്ലാം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ പടങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ ബി.സി.സി.ഐ പരിഹസിച്ചു.
സകല പരിഹാസവും ഒടുവിൽ ചെന്നെത്തിപ്പെട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേർക്കാണ്. സ്റ്റേഡിയം ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞ വാചകങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു.
"1,32,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഡ്രൈനേജ് സംവിധാനമാണുള്ളത്. മഴ മൂലം കളി നഷ്ടപ്പെടില്ല, മഴ മാറി മുപ്പത് മിനിറ്റികം കളി പുനരാരംഭിക്കാനാവും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു ദിവസം രണ്ട് മത്സരങ്ങൾ വരെ സംവിധാനിക്കാൻ കഴിയും".
ഈ വാക്കുകളെ തേടിപിടിച്ച് മന്ത്രിയേയും ബി.സി.സി.ഐയും പരിഹസിക്കുന്ന ട്രോളുകളാക്കി സമൂഹമാധ്യമങ്ങളിൽ നിറച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. അതേസമയം, കൊട്ടിഘോഷിക്കുന്ന വികസന വാഴ്ത്തുകൾ പലതും ഇനിയും ഇതുപോലെ തകർന്നുവീഴാനുണ്ടെന്നുമുള്ള രാഷ്ട്രീയ വിമർശനവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.