സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ എ.ഐ
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 37000 സുപ്രീം കോടതി വിധികൾ എ.ഐ ഉപയോഗിച്ച് മൊഴിമാറ്റുന്നു. വിധികൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞെന്നും ബാക്കി പ്രാദേശിക ഭാഷകളിലേക്കുള്ള വിവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഹിന്ദിക്ക് ശേഷം തമിഴാണ് മുന്നിട്ട് നിൽക്കുന്നതെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരോടൊപ്പം കേസിന്‍റെ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന അംഗീകരിച്ച പ്രാദേശിക ഭാഷകളിലേക്ക് സുപ്രീം കോടതി വിധികൾ വിവർത്തനം ചെയ്യാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന സുപ്രീം കോടതി വിധികൾ രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും എത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ വിവർത്തനെ ചെയ്ത വിധികൾ പരിശോധിച്ച ശേഷം മാത്രമേ അന്തിമമാക്കുകയുള്ളു എന്ന് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. എ.ഐ വിവർത്തനത്തിന് പരിധികൾ ഉണ്ട്. കോടതിയിൽ ഉപയോഗിക്കുന്ന പല പ്രയോഗങ്ങൾക്കും പദാനുപദ വിവർത്തം ചെയ്താൽ അർഥവ്യത്യാസം ഉണ്ടാകുമെന്നതും ഉദാഹരണ സഹിതം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
അഭിഭാഷകർക്കും നിയമവിദ്യാർഥികൾക്കും സാധാരണക്കാർക്കും സുപ്രീംകോടതി വിധിന്യായങ്ങൾ സൗജന്യമായി ലഭ്യമാകുന്നതിന് ഇലക്ട്രോണിക് സുപ്രീം കോടതി റിപ്പോർട്ടിങ് (ഇ-എസ്.സി.ആർ) പദ്ധതി 2023ൽ ആരംഭിച്ചിട്ടുണ്ട്. ഇ-എസ്.സി.ആർ ആരംഭിച്ചപ്പോൾ വിധികൾ സുപ്രീം കോടതി വെബ്‌സൈറ്റിലും അതിന്‍റെ മൊബൈൽ ആപ്പിലും നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിന്‍റെ (എൻ.ജെ.ഡി.ജി) ജഡ്ജ്‌മെന്‍റ് പോർട്ടലിലും ലഭ്യമാകുമെന്ന് കോടതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.