തമിഴ്നാട്ടിലെ സഖ്യം: ബി.ജെ.പിക്ക് തിരിച്ചടി; സഖ്യ സർക്കാർ ഉണ്ടാവില്ലെന്ന് എടപ്പാടി പളനിസ്വാമി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് സഖ്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടി. സഖ്യം തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും സഖ്യസർക്കാർ ഉണ്ടാവില്ലെന്ന സൂചന അണ്ണാഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നൽകി. അതേസമയം, എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവനയോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടതിൽ നിന്നും വിഭിന്നമാണ് എടപ്പാടിയുടെ പ്രസ്താവന.
നേരത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ സഖ്യത്തിൽ ചേരാനുള്ള അണ്ണാഡി.എം.കെയുടെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സഖ്യത്തിനായി എ.ഐ.എ.ഡി.എം.കെ ഉപാധികളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ പ്രസ്താവന.
നേരത്തെ 2024 ലോക്സഭ തെരഞ്ഞെടുപ്പിലും 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇരുപാർട്ടികളും സഖ്യമായി മത്സരിച്ചിരുന്നു. എന്നാൽ, ഇരുവർക്കും സഖ്യമായി മത്സരിച്ച തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.വഖഫ് നിയമഭേദഗതി ഉൾപ്പടെ കേന്ദ്രസർക്കാർ നടപ്പാക്കിയ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയവും ഇ.പി.എസിന്റെ പ്രസ്താവനക്ക് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുടെ സാന്നിധ്യത്തിലായിരിക്കും മുന്നണിയെന്നും അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.