അണ്ണാ ഡി.എം.കെ ലയിച്ചു; പന്നീർസെൽവം ഉപമുഖ്യമന്ത്രി
text_fieldsചെന്നൈ: ആറുമാസം നീണ്ട അനിശ്ചിതത്വങ്ങൾക്കുശേഷം തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയിൽ ലയനം. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി നയിക്കുന്ന അമ്മ വിഭാഗവും മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം നേതൃത്വം നൽകുന്ന പുരട്ച്ചി തലൈവി അമ്മ വിഭാഗവും ഒന്നായി. പന്നീർസെൽവം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിമതപക്ഷത്തെ പ്രമുഖനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ മാഫോയ് കെ. പാണ്ഡ്യരാജൻ സാംസ്കാരിക മന്ത്രിയായി ചുമതലയേറ്റു. മറ്റു മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചുനൽകി.
ജനറൽ സെക്രട്ടറി വി.കെ. ശശികലയെ ഉടൻ ജനറൽ കൗൺസിൽ വിളിച്ചുകൂട്ടി പുറത്താക്കാനും പാർട്ടി ചിഹ്നമായ രണ്ടില തിരിച്ചുകിട്ടാൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനും തീരുമാനിച്ചു. അതോടെ ശശികല നിയമിച്ച ടി.ടി.വി. ദിനകരെൻറ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പദവി അസാധുവാകും.
പാർട്ടി പ്രവർത്തനം നിയന്ത്രിക്കാൻ ഇരുവിഭാഗത്തിനും തുല്യപ്രാധാന്യം നൽകി 15 അംഗ സമിതിയെ നിയമിച്ചു. സമിതി കോഒാഡിനേറ്റർ ഒ. പന്നീർസെൽവവും അസി. കോഒാഡിനേറ്റർ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുമാണ്. വൈദ്യലിംഗം, കെ.പി. മുനിസാമി എന്നിവർ ജോയൻറ് കോഒാഡിനേറ്റർമാർ.
തിങ്കളാഴ്ച ഉച്ചക്കുശേഷം രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിമത നേതാക്കൾ സത്യപ്രതിജ്ഞ ചെയ്തത്. ലയനവും മന്ത്രിസഭ പ്രവേശനവും നടക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അവസാന നിമിഷംവരെ അനിശ്ചിതത്വം നിലനിന്നു. വി.കെ. ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന ഒൗദ്യോഗിക അറിയിപ്പുണ്ടാകാതെ ലയനത്തിനിെല്ലന്നു ഗ്രൂപ് യോഗത്തിൽ പന്നീർസെൽവം തീരുമാനമെടുത്തതോടെ അണ്ണാ ഡി.എം.കെ ആസ്ഥാനത്തെയും രാജ്ഭവനിലെയും ഒരുക്കങ്ങൾ മന്ദഗതിയിലായി. എന്നാൽ, മന്ത്രിമാരായ എസ്.പി. വേലുമണി, തങ്കമണി, വൈദ്യലിംഗം എന്നിവർ പന്നീർസെൽവത്തിെൻറ ഗ്രീൻവെയ്സിലെ വീട്ടിലെത്തി ഉറപ്പുനൽകി അദ്ദേഹത്തെ റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്തേക്ക് സ്വീകരിച്ചുകൊണ്ടുവരുകയായിരുന്നു.
ഉച്ചയോടെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും വിമത നേതാവ് ഒ. പന്നീർസെൽവത്തിെൻറയും നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു. പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ അധ്യക്ഷതവഹിച്ചു. പി. മുനിസാമി, സി. പൊന്നയ്യൻ, പി.എച്ച്. മനോജ് പാണ്ഡ്യൻ, േഡാ. വി. മൈേത്രയൻ എം.പി എന്നീ വിമത നേതാക്കളും സന്നിഹിതരായി. ശശികലയെ പുറത്താക്കുന്നത് സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായി.
തുടർന്ന് ഇരുനേതാക്കളുടെയും നേതൃത്വത്തിലുള്ള സംഘം മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരം സന്ദർശിച്ചു. നാലുമണിയോടെ രാജ്വനിൽ ഗവർണർ വിദ്യാസാഗർ റാവു മുമ്പാകെ സത്യപ്രതിജ്ഞ നടന്നു. സംസ്ഥാനത്തിെൻറ അധികചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവർണർ റാവു തിങ്കളാഴ്ച ഉച്ചയോടെയാണ് രാജ്ഭവനിൽ എത്തിയത്.
ജയലളിതയുടെ മരണശേഷം തോഴി ശശികല പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ മുഖ്യമന്ത്രി പദവിയും കൈക്കലാക്കാൻ ശ്രമിച്ചതോടെയാണ് പന്നീർസെൽവത്തിെൻറ നേതൃത്വത്തിൽ വിമത വിഭാഗം രൂപംകൊണ്ടത്. നേരത്തെ മൂന്നുതവണ ഒ. പന്നീർസെൽവം മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം. മുമ്പ് ഡി.എം.കെ മന്ത്രിസഭയിൽ എം. കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻ ഉപമുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്.
— O Panneerselvam (@OfficeOfOPS) August 21, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.