എ.ഐ.എ.ഡി.എം.കെക്ക് ഏക നേതൃത്വം: ഒ.പി.എസിന് തിരിച്ചടി, ഇ.പി.എസ് ജനറൽ സെക്രട്ടറി
text_fieldsചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതൃസ്ഥാനത്തേക്കുള്ള ഒ.പനീർ ശെൽവത്തിന്റെയും (ഒ.പി.എസ്), എടപ്പാടി പളനി സാമിയുടെയും (ഇ.പി.എസ്) അധികാര തർക്കത്തിന് അവസാനം. ഒ.പി.എസിന് കോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ നടത്തിയ ജനറൽ കൗൺസിൽ യോഗത്തിൽ ഇ.പി.എസ് ഇടക്കാല പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
2500 ലേറെ പേരുൾക്കൊള്ളുന്ന ജനറൽ കൗൺസിൽ ഇ.പി.എസിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിലെ ദ്വന്ദ നേതൃത്വത്തിന് അവസാനമിട്ടാണ് ഇ.പി.എസിനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. മദ്രാസ് ഹൈകോടതി അനുമതി നൽകിയ ശേഷമാണ് എ. തമിഴ് മഹാൻ ഹുസൈന്റെ അധ്യക്ഷതയിൽ നടന്ന യോഗം ചേർന്നത്.
എടപ്പാടി പളനിസാമി വിഭാഗം വിളിച്ച പാർട്ടിയോഗത്തിന് സ്റ്റേ ആവശ്യപ്പെട്ട് ഒ.പി.എസ് നൽകിയ ഹരജി കോടതി തള്ളിയതിനെ തുടർന്നാണ് യോഗം ചേർന്നത്. കോർഡിനേറ്റർക്കും ജോയിന്റ് കോർഡിനേറ്റർക്കും മാത്രമാണ് യോഗം വിളിക്കാൻ അധികാരമുള്ളതെന്നും എന്നാൽ ഈ യോഗം വിളിച്ചത് പുതുതായി ചാർജെടുത്ത പ്രസീഡിയം ചെയർമാനാണെന്നുമായിരുന്നു ഒ.പി.എസ് പക്ഷം ചൂണ്ടിക്കാട്ടിയത്. ഇത് തെറ്റായ നടപടിക്രമമാണെന്നും ഒ.പി.എസ് കോടതിയിൽ വാദിച്ചു.
എന്നാൽ, ജൂൺ 23 ന് നടന്ന മുൻ യോഗം ഇരു നേതാക്കളുടെയും തെരഞ്ഞെടുപ്പിന് അംഗീകാരം നൽകാത്തതിനാൽ ദ്വന്ദ നേതൃത്വം നിലവിൽ ഇല്ലെന്നും അതിനാൽ പ്രസീഡിയം ചെയർമാൻ യോഗം വിളിക്കുന്നതും ഓഫീസ് ഭാരവാഹികൾ യോഗത്തിന് ക്ഷണിക്കുന്നതും നിയമപരമാണെന്ന് ഇ.പി.എസ് വിഭാഗം വാദിച്ചു. ഇതേ മാതൃകയിലാണ് 2017ൽ ഒ.പി.എസിനെ പാർട്ടി മേധാവിയായി നിയമിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ഇ.പി.എസ് വിഭാഗത്തിന് യോഗം വിളിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇ.പി.എസ് ഏക നേതൃത്വത്തിന് വേണ്ടി ആവശ്യപ്പെട്ടപ്പോൾ ഒ.പി.എസ് ദ്വന്ദ നേതൃത്വമെന്ന നിലവിലെ സ്ഥിതി തുടരണമെന്നാണ് ആവശ്യപ്പെട്ടത്.
മദ്രാസ് ഹൈകോടതി സ്റ്റേ തള്ളുന്നതിന് മുമ്പ് ഇന്ന് രാവിലെ പാർട്ടി ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ രണ്ട് വിഭാഗക്കാരുടെയും അണികൾ തമ്മിൽ പരസ്പരം കല്ലേറും ഉന്തും തള്ളുമുണ്ടായി.
ജൂൺ 23ന് ചേർന്ന യോഗത്തിൽ പളനിസാമി പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ഒ. പനീർ സെൽവം ജനറൽ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. പനീർസെൽവത്തെ അപമാനിച്ച് ഇറക്കിവിട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികളുടെ ആരോപണം.
കൗൺസിലിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും പളനിസാമിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. ജൂലൈ 11ന് ചേരുന്ന ജനറൽ കൗൺസിൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നും പിന്തുണക്കുന്നവർ അറിയിച്ചിരുന്നു. എന്നാൽ, ജനറൽ കൗൺസിൽ വീണ്ടും വിളിക്കാൻ തീരുമാനമില്ലെന്നായിരുന്നു പനീർസെൽവത്തെ പിന്തുണച്ചവർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.