തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് തീയതിക്ക് തൊട്ടുമുമ്പ് ഭരണകക്ഷിയുടെ സംവരണ പ്രഖ്യാപനം; പിന്നാലെ സഖ്യധാരണ
text_fields
ചെന്നൈ: അഞ്ചു സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഇതിലുൾപെട്ട തമിഴ്നാട്ടിൽ സർക്കാർ വണ്ണിയാർ സമുദായത്തിന് പ്രഖ്യാപിച്ച പുതിയ സംവരണം സാധ്യമാക്കിയത് രണ്ട് കക്ഷികൾ തമ്മിലെ തെരഞ്ഞെടുപ്പ് സഖ്യം. വണ്ണിയാർ സമുദായത്തിന് പ്രാമുഖ്യമുള്ള പട്ടാളി മക്കൾ കച്ചി (പി.എം.കെ)യാണ് സംവരണ പ്രഖ്യാപനത്തോടെ ഭരണകക്ഷിയായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി സഖ്യത്തിന് സമ്മതിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സർക്കാർ സർവീസുകളിലും വണ്ണിയാർ സമുദായത്തിന് 10.4 ശതമാനമാണ് വെള്ളിയാഴ്ച സർക്കാർ സംവരണം പ്രഖ്യാപിച്ചത്.
ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് ഫലപ്രഖ്യാപനം. തങ്ങളുടെ സമുദായത്തെ സംവരണത്തിന് പരിഗണിച്ചതിൽ നന്ദി സൂചകമായാണ് പി.എം.കെ സഖ്യത്തിന് സമ്മതിച്ചത്.
ഇരു കക്ഷികളും തമ്മിലെ സീറ്റ് പങ്കിടൽ ചർച്ച ഇന്ന് ആരംഭിക്കും. എസ്. രാമദോസ് സ്ഥാപിച്ച പി.എം.കെ ഇത്തവണ 25 സീറ്റ് ആവശ്യപ്പെടുമെന്നാണ് സൂചന. 234 അംഗ സഭയിൽ നിലവിൽ പാർട്ടിക്ക് ഒരു സീറ്റ് പോലുമില്ല.
കാലങ്ങളായി വണ്ണിയാർ സമുദായത്തിെൻറ താൽപര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് പി.എം.കെ. നേരത്തെ ഡി.എം.കെക്കൊപ്പം നിന്ന് 2011ലാണ് അവസാനമായി പി.എം.കെ മൂന്നു സീറ്റ് പിടിച്ചിരുന്നത്.
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായും സഖ്യ ചർച്ചകൾ തുടരുകയാണ്. പാർട്ടി സംസ്ഥാന പ്രസിഡൻറ് ഇന്ന് രാവിലെ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തെ കണ്ടിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരുമായിട്ടായിരുന്നു ചർച്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി ചെന്നൈയിൽ എത്തുന്നുണ്ട്. 20 സീറ്റുകൾ ബി.ജെ.പിക്ക് വിട്ടുനൽകാൻ ഭരണകക്ഷി ഒരുക്കമാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.