കോൺഗ്രസിന് തലവേദനയേറ്റി രാജസ്ഥാൻ; മാക്കൻ ചുമതലയൊഴിഞ്ഞു
text_fieldsന്യൂഡൽഹി: കോൺഗ്രസിന് തീരാത്ത തലവേദനയായ രാജസ്ഥാൻ പ്രതിസന്ധി കടുപ്പിച്ച നീക്കത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ സംസ്ഥാന ചുമതലയിൽനിന്ന് ഒഴിവായി. സെപ്റ്റംബറിൽ കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് മത്സരിക്കാനൊരുങ്ങിയിട്ടും രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽനിന്ന് രാജിവെക്കാൻ കൂട്ടാക്കാത്ത അശോക് ഗെഹ് ലോട്ടിനെ പിന്തുണച്ച് ബദല്‍ നിയമസഭകക്ഷി യോഗം വിളിച്ചുചേര്‍ത്ത എം.എൽ.എമാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് അജയ് മാക്കന്‍റെ രാജി.
ഡിസംബർ ആദ്യത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിക്കാനിരിക്കെയാണ് അജയ് മാക്കന്റെ നീക്കം. അച്ചടക്കസമിതി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി മാസം രണ്ടുകഴിഞ്ഞിട്ടും കടുത്ത അച്ചടക്കലംഘനം നടത്തിയ ഗെഹ് ലോട്ട് പക്ഷത്തിനെതിരെ കോൺഗ്രസ് നടപടിയെടുത്തിട്ടില്ല.
ഇക്കാര്യത്തിൽ തനിക്കുള്ള നീരസം മാക്കൻ പ്രകടിപ്പിച്ചിരുന്നു. ഇനി ഈ പദവിയില്‍ തുടരാന്‍ ധാര്‍മികാവകാശമില്ലെന്ന് ഈ മാസം എട്ടിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തിൽ മാക്കന്‍ വ്യക്തമാക്കി. മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ്, ശാന്തി ധാരിവാൾ എന്നീ എം.എൽ.എമാർ കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്നും മാപ്പുപറയാന്‍ പോലും തയാറായിട്ടില്ലെന്നും എന്നിട്ടും ആര്‍ക്കുമെതിരെ ഒരു നടപടിയും എടുത്തില്ലെന്നും കത്തില്‍ മാക്കന്‍ കുറ്റപ്പെടുത്തി.
രാജി അന്ന് സ്വീകരിക്കാതിരുന്ന കോൺഗ്രസ് ഹൈക്കമാൻഡ് ഒരാഴ്ചകൂടി തുടരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദേശം തള്ളിയ മാക്കൻ ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മല്ലികാർജുൻ ഖാര്‍ഗെയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത കർമസമിതി യോഗത്തിലും പങ്കെടുത്തില്ല.
രണ്ടുമാസം കഴിഞ്ഞിട്ടും ഗെഹ് ലോട്ടിന് മൂക്കുകയറിടാൻ കഴിയാതെ പ്രശ്നപരിഹാരം നീളുന്നതാണ് അജയ് മാക്കനെ ചൊടിപ്പിച്ചത്. സച്ചിൻ പൈലറ്റിനെതിരെ പരസ്യപ്രസ്താവന നടത്തിയും തന്റെ ചിത്രം വെച്ച് നിരന്തരം സംസ്ഥാന സർക്കാറിന്റെ പരസ്യങ്ങൾ നൽകിയും മോദിയെ പ്രശംസിച്ചും കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ഗെഹ് ലോട്ട് മുന്നോട്ടുപോകുകയാണ്.
മറുഭാഗത്ത് പഞ്ചാബിൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി സച്ചിൻ പൈലറ്റിനെ ഉയർത്തിക്കാണിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു.
ഗെഹ് ലോട്ടിന്റെ സീറ്റ് പോലും നഷ്ടപ്പെട്ടേക്കുമെന്നും കോൺഗ്രസ് ഒരുസംസ്ഥാനം നഷ്ടപ്പെടുത്തുകയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഉദയ്പൂർ പ്രഖ്യാപന പ്രകാരം യുവതലമുറക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കിയതും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സംസ്ഥാനത്തെ ബഹുഭൂരിഭാഗം എം.എൽ.എമാരെ തനിക്കൊപ്പം നിർത്തിയ ഗെഹ് ലോട്ട്, അവരുടെ അഭീഷ്ടം അനുസരിച്ചാണ് താൻ തുടരുന്നതെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.