എയ്ഡ്സിനോട് അയിത്തം വേണ്ട
text_fieldsന്യൂഡല്‍ഹി: രോഗത്തിന്‍െറ പേരില്‍ വിവേചനത്തിനിരയാകുന്ന എയ്ഡ്സ് ബാധിതര്‍ക്ക് ആശ്വാസംപകരുന്ന നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം. 2014ലെ എച്ച്.ഐ.വി, എയ്ഡ്സ് നിവാരണ-നിയന്ത്രണ ബില്‍ എച്ച്.ഐ.വി ബാധിതരുടെയും അവര്‍ക്കൊപ്പം ജീവിക്കുന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകളോടെയാണ് മാറ്റിയെഴുതിയിരിക്കുന്നത്.
വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ സേവനങ്ങളും ജോലിയും നല്‍കുന്നതിന് മുമ്പ് എച്ച്.ഐ.വി പരിശോധന ആവശ്യപ്പെടുന്നത് നിരോധിക്കും. രോഗിയുടെ അംഗീകാരമോ കോടതി അനുമതിയോ ഇല്ലാതെ എച്ച്.ഐ.വി സംബന്ധിച്ച സ്ഥിതി വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുതെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇവരെക്കുറിച്ച് വിവരങ്ങളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങള്‍ അവ സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. കേസുകള്‍ രഹസ്യസ്വഭാവം നിലനിര്‍ത്തി മുന്‍ഗണനയോടെ തീര്‍പ്പാക്കാന്‍ കോടതികള്‍ക്ക് നിര്‍ദേശം നല്‍കും.
വിവേചനമില്ലാത്ത ജീവിതവും എയ്ഡ്സ് പ്രതിരോധവുമാണ് ഭേദഗതിയുടെ ലക്ഷ്യം. രാജ്യത്ത് 21 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് കണക്ക്. 2030 ആകുമ്പോഴേക്കും രോഗം പൂര്‍ണമായി തടയാന്‍ ശ്രമമുണ്ടാവും. വിവേചനം സംബന്ധിച്ച പരാതി അന്വേഷിച്ച് പരിഹരിക്കാനും വ്യവസ്ഥയുണ്ട്. അവകാശ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട സ്ഥാപനത്തിന് രൂപംനല്‍കലും വിവേചനം തടയുന്നതിന്‍െറ പരിധിയില്‍വരും.
എച്ച്.ഐ.വി പരിശോധനയും ചികിത്സയും വൈദ്യശാസ്ത്ര ഗവേഷണവും ആരോഗ്യപരിപാലന സേവനം ലഭ്യമാക്കലും രോഗിയുടെ അനുവാദത്തോടെ രഹസ്യസ്വഭാവം സൂക്ഷിച്ചുവേണമെന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന സവിശേഷത. എച്ച്.ഐ.വി ബാധിതരുടെയും ഒപ്പം ജീവിക്കുന്നവരുടെയും വിവരങ്ങള്‍ അപകീര്‍ത്തികരമായി പ്രസിദ്ധീകരിക്കലും പക്ഷപാതപരമായി പെരുമാറലും കുറ്റമാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കാനും വാസസ്ഥലം പങ്കിടാനും അവകാശമുണ്ട്. തൊഴില്‍, വിദ്യാഭ്യാസ, ആരോഗ്യ, ഇന്‍ഷുറന്‍സ് മേഖലകളില്‍ വിവേചനം കാണിക്കരുത്. പ്രായപൂര്‍ത്തിയാകാത്ത രോഗബാധിതര്‍ക്ക് രക്ഷാകര്‍തൃത്വവും വ്യവസ്ഥ ചെയ്യുന്നു.
18 വയസ്സില്‍ താഴെയുള്ള സഹോദരന്‍െറയോ സഹോദരിയുടെയോ വിദ്യാലയ പ്രവേശം, ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങള്‍, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ കുടുംബ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പക്വതയുള്ള 12നും 18നും ഇടയില്‍ പ്രായമുള്ള വ്യക്തിക്ക് രക്ഷാകര്‍ത്താവായി പ്രവര്‍ത്തിക്കാം. നിയമലംഘന പരാതി അന്വേഷിക്കുന്നതിനും ശിക്ഷാനടപടി ശിപാര്‍ശ ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാറുകള്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.