സെക്യൂരിറ്റി ജീവനക്കാർ ജോലിസമയത്ത് ചായയോ ഭക്ഷണമോ കഴിക്കരുതെന്ന് ഡൽഹി എയിംസ് ഡയറക്ടറുടെ ഉത്തരവ്
text_fieldsന്യൂഡൽഹി: ജോലി സമയത്ത് ഭക്ഷണം കഴിക്കുകയോ ചായകുടിക്കുകയോ ചെയ്താൽ സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പുതുതായി ചാർജെടുത്ത ഡയറക്ടർ ഡോ. എം.ശ്രീനിവാസിന്റെ ഉത്തരവ്.
കാർഡിയോ തൊറാസിക് സയൻസ് സെന്റർ സന്ദർശിക്കാനെത്തിയപ്പോൾ, ജീവനക്കാരുടെ നിർദേശ പ്രകാരം സെക്യൂരിറ്റി ജീവനക്കാരി ട്രേയിൽ ചായയുമായി നടക്കുന്നതാണ് കാണാൻ സാധിച്ചത്. ഇതാണ് പുതിയ ഉത്തരവിന് ഇടയാക്കിയതെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.
സെക്യൂരിറ്റി ജീവനക്കാരെ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗികളെ സഹായിക്കുന്നതിനും വേണ്ടിയാണ് നിയോഗിച്ചിട്ടുള്ളത്. അവരെ മറ്റുജോലികൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല. ഏതെങ്കിലും സെക്യൂരിറ്റി ജീവനക്കാർ ജോലി സമയത്ത് ലഘുഭക്ഷണം, ചായ, കാപ്പി മുതലായവ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കഫറ്റീരിയ/കാന്റീൻ ചുമതലയുള്ളവരും അതാത് ഓഫീസുകളുടെ ഇൻ ചാർജുകളും ഉത്തരവാദികളായിരിക്കും. കൂടാതെ, ഏതെങ്കിലും സെക്യൂരിറ്റി ജീവനക്കാർ ജോലി സമയത്ത് ലഘുഭക്ഷണം കഴിക്കുകയോ ചായയോ കോഫിയോ കുടിക്കുകയോ ചെയ്താൽ എയിംസിന്റെ പ്രവർത്തനങ്ങളിൽ നിന്ന് അവരെ നീക്കുമെന്നും ഉത്തരവിലുണ്ട്.
കരാറിൽ വ്യക്തമാക്കിയിട്ടുള്ള ചുമതലകൾ സെക്യൂരിറ്റി ജീവനക്കാർ നിർവഹിക്കുന്നുണ്ടെന്ന് അതത് ചുമതലയുള്ള ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ചായകൊണ്ടുക്കൊടുക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ജീവനക്കാർക്ക് നൽകുന്ന സുരക്ഷയെ ബാധിക്കുമെന്ന് മാത്രമല്ല, സെക്യൂരിറ്റി സേവനങ്ങളെ വികലമാക്കുകയും ചെയ്യുന്നുവെന്ന് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോ. ശ്രീനിവാസിനെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) പുതിയ ഡയറക്ടറായി നിയമിച്ചത്.
ഡോ. രൺദീപ് ഗുലേറിയയുടെ പിൻഗാമിയായി ചുമതലയേറ്റ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടർമാരിൽ ഒരാളാണ്. ശ്രീനിവാസിന് അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.