എയിംസിൽ ഡോക്ടർമാരുടെ പ്രതിഷേധം ഫലംകണ്ടു; വിവാദ ഉത്തരവ് പിൻവലിച്ച് ഡയറക്ടർ
text_fieldsന്യൂഡൽഹി: എയിംസിൽ പാർലമെന്റ് അംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള തീരരുമാനം പിൻവലിച്ചു. ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി. എയിംസ് ഡയറക്ടർ ഡോ.എം.ശ്രീനിവാസാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റൂട്ടിൽ ചികിത്സക്കെത്തുന്ന പാർലമെന്റ് അംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന നിർദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
എം.പിമാർക്കായി ഔട്ട് പേഷ്യന്‍റ് വിഭാഗം, അടിയന്തര ചികിത്സ വിഭാഗം, കിടത്തി ചികിത്സ വിഭാഗം എന്നിവയുടെ പ്രവർത്തന രീതികളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ലോക്സഭ ജോയന്‍റ് സെക്രട്ടറി വൈ.എം കാണ്ട്പാലിന് എയിംസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസ് കത്തയച്ചിട്ടുണ്ട്. വി.ഐ.പി സംസ്കാരത്തെ അപലപിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ പറഞ്ഞു. മറ്റൊരാൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന്‍റെ പേരിൽ ഒരു രോഗിയും കഷ്ടപ്പെടാൻ പാടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വി.ഐ.പി സംസ്കാരം സൃഷ്ടിക്കുകയാണെന്നും ഡോക്ടർമാർ കുറ്റപ്പെടുത്തി.
സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്ന് എം.പിമാർക്ക് ഔട്ട് പേഷ്യന്‍റ് കൺസൾട്ടേഷൻ ആവശ്യമാണെങ്കിൽ പാർലമെന്‍റ് സെക്രട്ടറിയേറ്റോ പി.എമാരോ ഡ്യൂട്ടി ഓഫീസറെ ബന്ധപ്പെട്ട് വിവരങ്ങൾ നൽകുമെന്നാണ് നടപ്പാക്കാൻ പോകുന്ന സർക്കുലറിൽ പറയുന്നത്. ഇതിന്‍റെ തുടർ നടപടികൾക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഓഫീസർ ക്രമീകരണം ഒരുക്കണം. സ്പെഷലിസ്റ്റുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചക്ക് സമയം നിശ്ചയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ എത് എമർജൻസി വിഭാഗത്തെ സമീപിക്കണമെന്ന് ഡ്യൂട്ടി ഓഫീസർ ബന്ധപ്പെട്ടവരെ അറിയിക്കണം. കിടത്തി ചികിത്സിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതുമായി ബന്ധപ്പെട്ട കുറിപ്പ് ബന്ധപ്പെട്ട ഡോക്ടർ മെഡിക്കൽ സൂപ്രണ്ടിന് നൽകണം. അത് പാർലമെന്‍റ് സെക്രട്ടറിയേറ്റിന് കൈമാറണം -സർക്കുലറിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.