എ.ഐ.എം.ഐ.എമ്മും ബി.എസ്.പിയും തമ്മിൽ രഹസ്യ സീറ്റ് വിഭജന ചർച്ചയെന്ന്
text_fieldsഹൈദരാബാദ്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ സീറ്റ് വിഭജനം സംബന്ധിച്ച് ആൾ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീനും (എ.ഐ.എം.ഐ.എം) ബഹുജൻ സമാജ് പാർട്ടിയും (ബി.എസ്.പി) രഹസ്യ ചർച്ച നടത്തിയതായി റിപ്പോർട്ട്. ബി.എസ്.പി വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് മുസ്‌ലിം ഭൂരിപക്ഷമുള്ള ഏകദേശം 30 ലോക്സഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സഹകരണമാണ് ഇരു പാർട്ടികളും ആലോചിക്കുന്നത്. ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നും സഖ്യം യാഥാർത്ഥ്യമായാൽ ബി.എസ്.പി ഇന്ത്യ ബ്ലോക്കുമായി ചേരാനുള്ള സാധ്യത കുറയുമെന്നും പറയുന്നു.
ബി.എസ്.പിയും എ.ഐ.എം.ഐ.എമ്മും ചേർന്ന് മുന്നണി സൃഷ്ടിക്കാൻ സാധ്യത കൂടുതലാണെന്നും പ്രതിപക്ഷ വോട്ടുകൾ തന്ത്രപരമായി വഴിതിരിച്ചുവിടുകയാണെന്നും ഉത്തർപ്രദേശിലെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം - ദലിത് മുന്നണി അവതരിപ്പിച്ച് പരമ്പരാഗതമായി ഈ സമുദായങ്ങളിൽ നിന്ന് കാര്യമായ പിന്തുണ പ്രതീക്ഷിക്കുന്ന കോൺഗ്രസിൽ നിന്ന് വോട്ടുകൾ അകറ്റുകയാണ് ലക്ഷ്യമിടുന്നത്.
എങ്കിലും, ഇന്ത്യാ സഖ്യത്തിൽ ബി.എസ്.പി ചേരുമെന്ന് തന്നെയാണ് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രത്യാശ പ്രകടിപ്പിക്കുന്നത്. ബി.ജെ.പിയുമായോ കോൺഗ്രസുമായോ കൂട്ടുകൂടാത്തതിന്‍റെ രാഷ്ട്രീയ അപകടസാധ്യതകൾ ബി.എസ്.പി തിരിച്ചറിയുന്നുണ്ടെന്നും ഒരു പ്രധാന സഖ്യത്തിൽ ചേരുന്നതിൽ പരാജയപ്പെട്ടാൽ അത് വോട്ട് ബാങ്കിന്‍റെ കൂടുതൽ ചോർച്ചയിലേക്ക് നയിച്ചേക്കാമെന്നുമാണ് സംസ്ഥാനത്തെ രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.