വിദ്വേഷ പ്രസംഗ കേസുകളിൽ അക്ബറുദ്ദീൻ ഉവൈസിയെ കുറ്റമുക്തനാക്കി
text_fieldsഹൈദരാബാദ്: 'വിദ്വേഷ പ്രസംഗ' കേസുകളിൽ എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഉവൈസി എം.എൽ.എയെ കോടതി വെറുതെവിട്ടു. എം.പിമാർ/എം.എൽ.എമാരുടെ വിചാരണക്കുള്ള പ്രത്യേക സെഷൻസ് കോടതിയാണ് ബുധനാഴ്ച വിധി പ്രസ്താവിച്ചത്.
തെലങ്കാന നിയമസഭാംഗമായ അക്ബറുദ്ദീൻ ഉവൈസി കുറ്റമുക്തനാക്കിയ വിധി പുറപ്പെടുവിക്കുമ്പോൾ കോടതിയിൽ ഉണ്ടായിരുന്നു. ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ-മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തലവനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ ഇളയ സഹോദരനാണ് അക്ബറുദ്ദീൻ.
2012 ഡിസംബർ എട്ടിന് തെലങ്കാനയിലെ നിസാമാബാദിലും 2012 ഡിസംബർ 22ന് നിർമൽ ടൗണിലും നടത്തിയ പൊതു പ്രസംഗത്തിനിടെ അദ്ദേഹം ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. സാമുദായിക വിദ്വേഷം ഉണർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തിയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
രണ്ടു കേസുകളിലും 30 വീതം സാക്ഷികളെ വിസ്തരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 40 ദിവസം അദ്ദേഹം ജയിലിൽ കിടന്നിരുന്നു. പ്രാർഥനകൾക്കും പിന്തുണക്കും നന്ദിയെന്ന് വിധിക്കു പിന്നാലെ അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു. വിധി പറയുന്നത് കണക്കിലെടുത്ത് ഹൈദരാബാദ് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.