ബംഗാളിൽ ഉവൈസിക്ക് ചെക്ക് വെച്ച് മമത; സുപ്രധാന നേതാവും അനുയായികളും തൃണമൂലിൽ
text_fieldsകൊൽക്കത്ത: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന് പിന്നാലെ 2021ൽ ബംഗാളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സാന്നിധ്യമറിയിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് കനത്ത തിരിച്ചടിയേകി സുപ്രധാന നേതാവായിരുന്ന അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ഉവൈസി മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണെന്നാരോപിച്ചാണ് അൻവർ പാഷയും പ്രവർത്തകരും പാർട്ടി വിട്ടത്. തിങ്കളാഴ്ച കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഭൃത്യ ബസു, മലയ് ഘതക് എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
ഇതിന് പിന്നാലെ രാജ്യത്തെ ഏറ്റവും തികഞ്ഞ മതേതരവാദിയായ നേതാവ് മമത ബാനർജിയാണെന്ന് പാഷ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെൻറില്‍ വലിച്ചുകീറിയതിൽ കാര്യമില്ലെന്നും മമത ബാനര്‍ജി ചെയ്തതുപോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നും ഒവൈസിയെ ലക്ഷ്യമിട്ട് കൊണ്ട് പാഷ പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെട്ടിരുന്ന പാഷയെ പുറത്താക്കിയതാണെന്നും, ഏറെ നാളായി പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കുന്ന അദ്ദേഹത്തിെൻറ കൂടുമാറ്റം തങ്ങളെ ബാധിക്കില്ലെന്നും എ.ഐ.എം.ഐ.എം വക്താവ് സയ്യിദ് അസീം വഖാർ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളാണ് ഉവൈസിയുടെ പാർട്ടി സ്വന്തമാക്കിയത്. സീമാഞ്ചൽ മേഖലയിൽ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ച് എ.ഐ.എം.ഐ.എം ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ബിജെപിയുടെ ബി ടീമാണ് എ.ഐ.എം.ഐ.എം എന്നാണ് അന്ന് തൃണമൂല്‍ പ്രതികരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.