തെലങ്കാന എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുക അക്ബറുദ്ദീൻ ഉവൈസിക്ക് മുമ്പാകെ; പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു
text_fieldsഹൈദരാബാദ്: തെലങ്കാന മൂന്നാം സംസ്ഥാന നിയമസഭയുടെ പ്രോടേം സ്പീക്കറായി എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഉവൈസിയെ നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഗവർണർ തമിഴിസൈ സൗന്ദരരാജൻ പുറത്തിറക്കി. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെയുള്ള സഭാ നടപടികൾ പ്രോടേം സ്പീക്കറാണ് നിയന്ത്രിക്കുക. കൂടാതെ, തെരഞ്ഞെടുപ്പെട്ട എം.എൽ.എമാർ പ്രോടേം സ്പീക്കർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.
എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് അധ്യക്ഷത വഹിക്കേണ്ടതും വിശ്വാസ വോട്ടോടെപ്പ് നിയന്ത്രിക്കേണ്ടതും അടക്കം നിരവധി അധികാരങ്ങളാണ് പ്രോടേം സ്പീക്കറിൽ നിക്ഷിപ്തമായിരിക്കുന്നത്. പുതുതായി നിയമസഭ ചേരുമ്പോൾ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ തെരഞ്ഞെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കേണ്ടി വരുന്നത്. നിയമസഭയിലെ മറ്റംഗങ്ങളുടെ കൂടി സമ്മതത്തോടു കൂടി വേണം പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കാൻ. സഭയുടെ സുഗമമായ നടത്തിപ്പിന് ഇത് അത്യന്താപേക്ഷിതമാണ്.
എ.ഐ.എം.ഐ.എം അധ്യക്ഷനായ അസദുദ്ദീൻ ഉവൈസിയുടെ സഹോദരനും പാർട്ടിയിലെ രണ്ടാമനുമായ അക്ബറുദ്ദീൻ ഉവൈസി ചന്ദ്രയാൻഗുട്ടയിൽ നിന്ന് വിജയിച്ചാണ് തെലങ്കാന നിയമസഭയിൽ എത്തിയത്. 2014ലും 2018ലും ഈ സീറ്റിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളിൽ മത്സരിച്ച എ.ഐ.എം.ഐ.എം ഏഴ് സീറ്റുകളിൽ വിജയിച്ചു.
അക്ബറുദ്ദീൻ ഉവൈസിക്ക് പുറമെ മലക്പേട്ടിൽ നിന്ന് അഹമ്മദ് ബിൻ അബ്ദുല്ല, നാമ്പള്ളിയിൽ നിന്ന് ബലാല മുഹമ്മദ് മജീദ് ഹുസൈൻ, കർവാനിൽ നിന്ന് കൗസർ മൊഹിയുദ്ദീൻ, ചാർമിനാറിൽ നിന്ന് മിർ സുൽഫെക്കർ അലി, യാകുത്പുരയിൽ നിന്ന് ജാഫർ ഹുസൈൻ, ബഹാദൂർപുരയിൽ നിന്ന് മുഹമ്മദ് മുബീൻ എന്നിവരാണ് മറ്റ് എം.എൽ.എമാർ.
2018ലെ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റിലാണ് ഉവൈസിയുടെ പാർട്ടി വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റിന് പുറമെ ജൂബിലി ഹിൽസ്, രാജേന്ദ്രനഗർ എന്നീ സീറ്റുകളിലാണ് എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.