2024 ലക്ഷ്യമിട്ട് കൂടുതൽ വാട്ട്സ് ആപ് ഗ്രൂപ്പുകളുമായി ബി.ജെ.പി ബൂത്തുകളിലേക്ക്
text_fieldsഹൈദരാബാദ്: 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാട്ട്സ് ആപ് ഗ്രൂപ്പുകൾ വർധിപ്പിക്കാനും ബൂത്ത്തലത്തിൽ ചുരുങ്ങിയത് 200 പേരെ സജ്ജമാക്കാനും ബി.ജെ.പി തീരുമാനിച്ചു. ദേശീയ നിർവാഹക സമിതിക്ക് മുന്നോടിയായി പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. പാർട്ടി പ്രവർത്തനങ്ങളുടെ അടിത്തറ പന്ന പ്രമുഖ് ആയതിനാൽ അവരെ വാർത്തെടുക്കുന്നതിൽ ശ്രദ്ധ വെക്കാനും ഭാരവാഹികളുടെ യോഗം തീരുമാനിച്ചുവെന്ന് ദേശീയ ഉപാധ്യക്ഷയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വിജയരാജ സിന്ധ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാട്ട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കുന്നതടക്കമുള്ള ബൂത്ത്തല പ്രവർത്തനങ്ങൾ ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ അവലോകനം നടത്തണമെന്നാണ് പാർട്ടി നിർദേശമെന്ന് സിന്ധ്യ പറഞ്ഞു.
അഅ്സംഗഢ്, രാംപൂർ ഉപതെരഞ്ഞെടുപ്പുകൾ അടക്കമുള്ളവയിൽ ബി.ജെ.പി നേടിയ വിജയം പാർട്ടിയുടെ നില ഭദ്രമാക്കിയെന്ന് വിലയിരുത്തിയതായും അവർ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ 30 കോടി പേരിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ ഇനിയുമേറെ ചെയ്യാനുണ്ടെന്നും മൻ കീ ബാത്ത് ജനങ്ങളിലെത്തിക്കാൻ പാർട്ടി ശ്രദ്ധ വെക്കുമെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള മുതിർന്ന നേതാക്കൾ ദേശീയ നിർവാഹക സമിതിക്കെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.