‘സന്തോഷമുള്ള ഹിന്ദുക്കൾ ആഘോഷിക്കട്ടെ, മുസ്ലിംകൾ ചടങ്ങിൽ പങ്കെടുക്കരുത്’
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത് അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിൽ സന്തോഷമുള്ള ഹിന്ദുക്കൾ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങ് ആഘോഷിക്കട്ടെയെന്നും മുസ്ലിംകൾ അതിൽ പങ്കെടുക്കരുതെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. ജനുവരി 22ന് ദീപം തെളിക്കണമെന്നും ജയ് ശ്രീറാം മുഴക്കണമെന്നുമുള്ള ആഹ്വാനം മുസ്ലിംകൾക്ക് സ്വീകാര്യമല്ലെന്ന് ബോർഡ് അധ്യക്ഷൻ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പ്രസ്താവനയിൽ പറഞ്ഞു. രാമക്ഷേത്രത്തിൽ സർക്കാറും മന്ത്രിമാരും പ്രത്യേക താൽപര്യം കാണിക്കുന്നതും പ്രധാനമന്ത്രി ഉദ്ഘാടനത്തിന് പോകുന്നതും ജനാധിപത്യത്തിന്റെ കശാപ്പാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി.
ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി മാനിക്കുന്നുണ്ടെങ്കിലും മുസ്ലിംകൾക്ക് മുറിവേറ്റിരിക്കുകയാണ്. ബാബരി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമിച്ചതല്ലെന്നും ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ശ്രീരാമൻ ജനിച്ചതായി തെളിവില്ലെന്നും വ്യക്തമാക്കിയ ശേഷമാണ് സുപ്രീംകോടതി വിധി. രാമക്ഷേത്രം നിർമിച്ചതിന്റെ സന്തോഷത്താൽ ഹിന്ദു സഹോദരങ്ങൾ ദീപം തെളിക്കണമെങ്കിൽ ചെയ്തോട്ടെ. അതിൽ മുസ്ലിംകൾക്ക് എതിർപ്പില്ല. എന്നാൽ, മുസ്ലിംകൾ ചടങ്ങിൽ പങ്കെടുക്കരുത്. രാമക്ഷേത്രോദ്ഘാടനത്തിന് ദീപം തെളിക്കലും ജയ് ശ്രീറാം വിളിക്കലും ബഹുദൈവാരാധനയാണെന്ന് മുസ്ലിംകൾ മനസ്സിലാക്കണമെന്ന് സൈഫുല്ല റഹ്മാനി ഓർമിപ്പിച്ചു.
എല്ലാ മതങ്ങളിലെയും പുണ്യാത്മാക്കളെ ആദരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ശ്രീരാമൻ അടക്കമുള്ള ഹിന്ദുക്കളുടെ വിശുദ്ധരെ മുസ്ലിംകൾ ബഹുമാനിക്കുന്നുമുണ്ട്. എന്നാൽ, അവരെ ദൈവങ്ങളായി പരിഗണിക്കുന്നില്ലെന്ന് റഹ്മാനി കൂട്ടിച്ചേർത്തു.
അയോധ്യയിലേക്ക് നൂറോളം വിദേശ പ്രതിനിധികൾ
ന്യൂഡൽഹി: അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന ‘രാമവിഗ്രഹ പ്രതിഷ്ഠാ’ ചടങ്ങിൽ 55 രാജ്യങ്ങളിൽനിന്നായി നൂറോളം വിദേശ പ്രതിനിധികൾ പങ്കെടുക്കും. ഇതിൽ വിദേശ നയതന്ത്ര പ്രതിനിധികൾ, വിദേശ രാജ്യങ്ങളിലെ എം.പിമാർ എന്നിവരുമുണ്ടാകുമെന്ന് വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ചെയർമാൻ സ്വാമി വിഗ്യാനാനന്ദ് പറഞ്ഞു. ഹിന്ദു പാരമ്പര്യം അവകാശപ്പെടുന്ന കൊറിയൻ രാജ്ഞിയെയും ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിക്ക് ഒരാഴ്ച ശുചീകരണ വാരം
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ബി.ജെ.പിയുടെ ഒരാഴ്ചത്തെ ക്ഷേത്ര ശുചീകരണ വാരത്തിന് ഡൽഹിയിൽ തുടക്കം. രവിദാസ് മന്ദിറിൽ ശുചീകരണത്തിൽ ഏർപ്പെട്ട് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് വാരാചരണത്തിന് തുടക്കമിട്ടത്. അയോധ്യയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലായിരുന്നു ശുചീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ മകര സംക്രാന്തി മുതൽ ഈ മാസം 22ന് പ്രാണപ്രതിഷ്ഠ നടക്കുംവരെ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പുണ്യസ്ഥലങ്ങളിലും ഇതോടനുബന്ധിച്ച് ശുചീകരണം നടത്തുമെന്ന് ജെ.പി. നഡ്ഡ പറഞ്ഞു.
മീരാകുമാറിന് അയോധ്യയിലേക്ക് ക്ഷണം
ന്യൂഡൽഹി: ലോക്സഭ മുൻ സ്പീക്കറും കോൺഗ്രസ് നേതാവുമായ മീരാകുമാറിന് ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. ആർ.എസ്.എസ് അഖില ഭാരതീയ സമ്പർക്ക് പ്രമുഖ് രാംലാൽ വീട്ടിലെത്തിയാണ് ക്ഷണക്കത്ത് കൈമാറിയതെന്ന് വി.എച്ച്.പി വക്താവ് നിനോദ് ബൻസാൽ ‘എക്സി’ൽ കുറിച്ചു. ലോക്സഭ മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ടക്കും ക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.