സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത വ്യോമസേന പൈലറ്റിനെ കോർട്ട് മാർഷലിന് വിധേയമാക്കും
text_fieldsന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യോമസേനാ ഫ്ളൈറ്റ് ലെഫ്റ്റനന്‍റിനെ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് വിധേയനാക്കും. തമിഴ്നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ കോയമ്പത്തൂര്‍ കോടതിയാണ് കേസില്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് വിധേയമാക്കാൻ അനുമതി നൽകിയത്.
കേസില്‍ വ്യോമസേനയുടെ അന്വേഷണം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യോമസേന ഉദ്യോഗസ്ഥ പൊലീസിനെ സമീപിച്ചത്. താൻ നൽകിയ പരാതി വ്യോമസേന അധികൃതർ മാറ്റിയെഴുതിപ്പിച്ചെന്ന് വ്യോമസേന ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. അധികൃതർ നൽകിയ പരാതിയിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും വനിത ഉദ്യോഗസ്ഥ പറഞ്ഞു. വ്യോമസേനയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതി പൊലീസിനുള്ള പരാതിയിൽ പറഞ്ഞിരുന്നു. വ്യോമസേനയുടെ ഭാഗത്തുനിന്ന് തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായത്. പരിശോധന നടത്തിയ ഡോക്ടർമാർ തന്‍റെ ലൈംഗിക ചരിത്രമെന്തെന്ന് ചോദിച്ചെന്നും നിരോധിച്ച തരത്തിലുള്ള പരിശോധനകൾ പോലും തന്‍റെ മേൽ നടത്തിയെന്നും വ്യോമസേന ഉദ്യോഗസ്ഥ പരാതിപ്പെട്ടിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ പൊലീസ് ഫ്ലൈറ്റ് ലഫ്റ്റനന്‍റിനെ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്നും വ്യോമസേന അംഗമായതിനാൽ കോര്‍ട്ട് മാര്‍ഷലിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യോമസേന കോടതിയെ സമീപിച്ചു. പ്രതിയെ ജയിലിലടക്കാന്‍ തമിഴ്നാട് പൊലീസിന് അനുവാദമില്ലെന്നും വ്യോമസേന കോടതിയില്‍ വാദിച്ചു.
ഛത്തീസ്ഗഢ് സ്വദേശിയായ 29കാരനായ പ്രതിയെ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ റെഡ്ഫീല്‍ഡ്സിലെ വ്യോമസേന അഡ്മിനിസ്ട്രേറ്റീവ് കോളേജിൽ തന്‍റെ മുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് ഉദ്യോഗസ്ഥ പറഞ്ഞു. പരിശീലനത്തിനായാണ് വ്യോമസേന ഉദ്യോഗസ്ഥ കോയമ്പത്തൂര്‍ എയര്‍ഫോഴ്സ് കോളേജിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.