വാക്സിനെടുക്കാത്ത ഉദ്യോഗസ്ഥനെ വ്യോമസേനയിൽ നിന്നു നീക്കിയതായി കേന്ദ്ര സർക്കാർ
text_fieldsകോവിഡ് വാക്സീൻ എടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ വ്യോമസേനയിൽ നിന്നു നീക്കിയതായി കേന്ദ്ര സർക്കാർ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് കൃത്യമായ മറുപടി നൽകാത്ത ഉദ്യേഗസ്ഥനെയാണ് സർവീസിൽ നിന്ന് നീക്കിയത്. വാക്സിൻ സ്വീകരിക്കണം എന്ന നിബന്ധന മറികടന്നതിനാണു നടപടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വ്യോമസേന കോർപറൽ യോഗേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, അഡിഷനൽ സോളിസിറ്റർ ജനറൽ ദേവാങ് വ്യാസ് ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യോഗേന്ദ്ര കുമാർ കോടതിയെ സമീപിച്ചത്.
ആകെ ഒൻപതു വ്യോമസേനാ ഉദ്യോഗസ്ഥരാണു വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ചത്. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിൽ നോട്ടിസിനു മറുപടി നൽകാത്ത ആളെയാണു സർവീസിൽനിന്നു നീക്കിയത്. എന്നാൽ, സർവീസില്‍നിന്നു നീക്കിയ ആളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വാക്സീൻ സ്വീകരിക്കുക എന്നതു വ്യോമസേനയുടെ സർവീസ് ഉപാധിയാക്കിയിട്ടുണ്ടെന്നും സത്യപ്രതിജ്ഞയിൽ ഇതും ഉൾപ്പെടുമെന്നും ദേവാങ് വ്യാസ് കോടതിയെ അറിയിച്ചു.
കോർപറൽ യോഗേന്ദ്ര കുമാർ നോട്ടിസിനു മറുപടി നൽകിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ആംഡ് ഫോഴ്സ് ട്രൈബ്യൂണലിനു മുൻപാകെ ഹാജരാകാമെന്നും ജനറൽ ദേവാങ് വ്യാസ് പറഞ്ഞു. വാക്സീൻ സ്വീകരിക്കാൻ തയാറാകാത്തതിനു വ്യോമസേന നൽകിയ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോർപറൽ യോഗേന്ദ്ര കുമാർ മേയ് 10നാണു കോടതിയെ സമീപിച്ചത്.
സർവീസിൽനിന്നു പിരിച്ചുവിടാതിരിക്കാൻ മതിയായ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനാണു നോട്ടിസിൽ പറയുന്നത്. വാക്സീൻ സ്വീകരിക്കുന്നതു സന്നദ്ധതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും നിർബന്ധം ആക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്‍റെ ഉത്തരവു പാലിക്കാൻ വ്യോമസേനയോടു നിർദേശിക്കണമെന്നും യോഗേന്ദ്ര കുമാർ ഹർജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.