വിമാനത്തിൽ 10 ദിവസം കൂടി എല്ലാ സീറ്റിലും യാത്രക്കാരെ കയറ്റാമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷെൻറ ഭാഗമായി വിദേശത്തുനിന്ന് വരുന്ന വിമാനങ്ങളില്‍ അടുത്ത 10 ദിവസത്തേക്ക് കൂടി മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയ്ക്ക് സുപ്രീം കോടതി അനുമതി. ആളുകളെ കുത്തിനിറച്ച് കൊണ്ടുവരുന്നതിനെതിരെ ബോംെബ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും നൽകിയ അപ്പീലിലാണ് 10 ദിവസത്തേക്ക് കൂടി അനുമതി നൽകിയത്.
നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന സിവിൽ ഏവിയേഷൻ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് ദേവേന്‍ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, മാർച്ച് 23ന് പുറപ്പെടുവിച്ച ഈ മാര്‍ഗനിര്‍ദേശം പിന്നീട് കേന്ദ്ര സർക്കാർ അസാധുവാക്കിയതായി എയര്‍ ഇന്ത്യ കോടതിയെ അറിയിച്ചു. മേയ് 22ന് പുതിയ ഉത്തരവിൽ നടുവിലുള്ള സീറ്റ് ഒഴിച്ചിടാൻ ആവശ്യപ്പെടുന്നില്ലെന്നാണ് എയർ ഇന്ത്യ ചൂണ്ടിക്കാട്ടിയത്. ഇൗ വാദം മുഖവിലക്കെടുക്കാതിരുന്ന ബോംബെ ഹൈകോടതി, കോവിഡ് പകരുന്നത് തടയാൻ നടുവിലുള്ള സീറ്റിലെ യാത്ര ഒഴിവാക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് വ്യാപനം തടയാന്‍ വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അഭിപ്രായപ്പെട്ടു. വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നത് സാമാന്യബോധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്കണ്ഠപ്പെടേണ്ടത്. അല്ലാതെ വിമാനക്കമ്പനികളുടെ കാര്യത്തിലല്ല -ബോബ്ഡെ പറഞ്ഞു.
ജൂണ്‍ 16 വരെയുള്ള ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായതായി എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. എങ്കിൽ, നിലവില്‍ ചാര്‍ട്ട് ചെയ്ത യാത്രകള്‍ പൂര്‍ത്തിയാവുന്നത് വരെ ഇപ്പോഴുള്ള നില തുടരാൻ കോടിതി അനുമതി നൽകി. ശേഷം നടുവിലെ സീറ്റ് ഒഴിച്ചിട്ടുകൊണ്ട് യാത്ര നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിയില്‍ ജൂണ്‍ രണ്ടിന് തീരുമാനം കൈക്കൊള്ളണമെന്ന് സുപ്രീം കോടതി ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഈ അന്തിമവിധിക്ക് അനുസൃതമായിരിക്കണം അതിനു ശേഷമുള്ള സീറ്റിങ് സംവിധാനമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആഭ്യന്തര വിമാനയാത്രകളില്‍ സീറ്റ് സജ്ജീകരിക്കുന്നതിനെ കുറിച്ച് കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായില്ല. സീറ്റില്‍ ആളെ നിറച്ചുകൊണ്ടുപോവുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും കോടതി ആരാഞ്ഞു. വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, അടുത്തടുത്തിരുന്നാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.