ബംഗ്ലാദേശിൽനിന്ന് 205 പേരുമായി പ്രത്യേക വിമാനം ഡൽഹിയിലെത്തി; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് യാത്രക്കാർ
text_fieldsന്യൂഡൽഹി: ഭരണ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ബംഗ്ലാദേശിൽനിന്ന് 205പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തി. ആറു കുട്ടികളും 199 മുതിർന്നവരുമാണ് ബുധനാഴ്ച രാവിലെ ധാക്കയിൽനിന്നും ഇന്ത്യയിലെത്തിയത്.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇപ്പോൾ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് യാത്രക്കാരിൽ ഒരാളായ അർപിത് എന്ന ഇന്ത്യൻ പൗരൻ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സംഘർഷങ്ങൾ ഏറെക്കുറെ നിയന്ത്രണവിധേയമാണ്. റോഡുകളും ഹൈവേകളും എല്ലാം പ്രശ്നരഹിതമാണ്. നാളെ മുതൽ എല്ലാം പൂർണമായും പ്രവർത്തിച്ചു തുടങ്ങും. ഫാക്ടറികൾ, ഓഫിസുകൾ, ബാങ്കുകൾ, കോളേജുകൾ, സ്കൂളുകൾ എല്ലാം ശരിയായി നടക്കാൻ പോവുകയാണെന്നും അർപിതിനെ ഉദ്ദരിച്ച് എ.എൻ.ഐ പുറത്തുവിട്ടു.
പരിഭ്രാന്തിയിലായിരുന്നോ യാത്രയെന്ന ചോദ്യത്തിന് അല്ലായെന്നും എയർലൈനുകൾ എല്ലാം സർവിസ് തുടങ്ങിയതായും കുടുംബം ആശങ്കയിലായതുകൊണ്ടു മാത്രം അവരെ കാണാൻ വന്നതാണെന്നും രണ്ട് മൂന്ന് ദിവസത്തിന് ശേഷം താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും അർപിത് പറഞ്ഞു.
കലാപകാരികൾ ഒരു വിഭാഗത്തിലെ ആളുകളെ മാത്രം ഉന്നമിടുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് ശരിയല്ലെന്നും എല്ലാം നല്ല രീതിയിൽ തന്നെ ആണെ’ന്നായിരുന്നു മറുപടി. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിൽ ജനങ്ങൾ സന്തുഷ്ടരാണെന്നും ആണെന്നും അർപിത് പരാമർശിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് മറ്റൊരു യാത്രക്കാരനും പ്രതികരിച്ചു.
അതിനിടെ, ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് രണ്ട് പ്രതിദിന വിമാന സർവിസ് എയർ ഇന്ത്യ ബുധനാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച രാവിലെയുള്ള സർവിസ് എയർ ഇന്ത്യ റദ്ദാക്കിയെങ്കിലും വൈകുന്നേരത്തോടെ ധാക്കയിലേക്ക് സർവിസ് നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.