എയർ ഇന്ത്യ പീഡനക്കേസിലെ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണം- മനേകാ ഗാന്ധി
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയുടെ മുതർന്ന ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ജീവനക്കാരി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയെ സമീപിച്ചു. തുടർന്ന് പീഡനക്കേസിൽ ഇൗ മാസം തന്നെ അന്വേഷണം പൂർത്തിയാക്കണമെന്ന് മന്ത്രി എയർ ഇന്ത്യയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറു വർഷമായി മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് എയർ ഇന്ത്യ എയർ ഹോസ്റ്റസ് നേരത്തെ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. കേസ് നിഷ്പക്ഷ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും തെൻറ നിരന്തരമായ പരാതികൾ എയർ ഇന്ത്യ അധികൃതരും ആഭ്യന്തര പരാതി പരിഹാര സെല്ലും അവഗണിക്കുകയാണെന്നും കത്തിൽ എയർഹോസ്റ്റസ് ആരോപിച്ചിരുന്നു.
മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ മാത്രമല്ല, കമ്പനിയിലെ മറ്റു സ്ത്രീകളെയും പീഡിപ്പിച്ചിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ലൈംഗികച്ചുവയോെട സംസാരിക്കുക, ലൈംഗിക പ്രവർത്തികളെ കുറിച്ച് പറയുക എന്നിവ അയാളുടെ സ്ഥിരം പ്രവർത്തിയാണ്. അയാളുടെ ഒാഫീസിലേക്ക് ചെല്ലുന്നതിനും അയാളോടൊപ്പം വിവിധ ബാറുകളിൽ പോകുന്നതിനും സ്ത്രീകളെ നിർബന്ധിക്കുകയും പലരും അതിന് നിർബന്ധിതരാവുകയും ചെയ്യുന്നുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ ഒരു കോപ്പി പ്രധാനമന്ത്രിക്കും അയച്ചിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു മാനേജ്മെൻറിനോട് വിഷയത്തിൽ ഉടൻ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ വേറെ അതോറിറ്റിയെ കേസ് അന്വേഷിക്കാൻ നിയമിക്കാമെന്നും പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ മന്ത്രിയുെട നിർദേശം കേട്ടതായിപ്പോലും എയർ ഇന്ത്യ അധികൃതർ ഭാവിച്ചില്ല. തുടർന്നാണ് പെൺകുട്ടി വനിതാ ശിശുക്ഷേമമന്ത്രിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.