അന്താരാഷ്ട്ര വിമാന സർവിസിനുള്ള പ്രത്യേക അവകാശം എയർ ഇന്ത്യക്ക് നഷ്ടമായി
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസിനുള്ള പ്രത്യേക അവകാശം ടാറ്റ ഗ്രൂപ്പിന് കീഴിലെ എയർ ഇന്ത്യക്ക് നഷ്ടമായി. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവിലാണ് (ഡി.ജി.സി.എ) ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ കേന്ദ്രസർക്കാർ ഉടമസ്ഥതയിലായിരുന്നപ്പോൾ എയർ ഇന്ത്യക്കുണ്ടായിരുന്ന അനുമതിയാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയപ്പോൾ റദ്ദായത്.
കോടികളുടെ നഷ്ടത്തിലായതിനെ തുടർന്ന് കേന്ദ്രം വിൽപനക്കു വെച്ച എയർ ഇന്ത്യയെ കഴിഞ്ഞ ഒക്ടോബറിൽ ലേലത്തിലൂടെയാണ് ടാറ്റ ഗ്രൂപ് സ്വന്തമാക്കിയത്. തുടർന്ന്, കഴിഞ്ഞ ജനുവരി 27 മുതൽ വിമാനങ്ങൾ പൂർണമായി ടാറ്റ ഗ്രൂപ്പിന് കീഴിലായി. കമ്പനി കൈമാറ്റ സമയത്ത് അന്താരാഷ്ട്ര സർവിസുകൾക്ക് ഡി.ജി.സി.എ അനുമതി നൽകിയിരുന്നെങ്കിലും ഏപ്രിൽ 19ന് ഇറക്കിയ പുതിയ ഉത്തരവിൽ അത് റദ്ദാക്കുകയായിരുന്നു.
ആഴ്ചയിൽ നിശ്ചിത സീറ്റുകളിൽ യാത്രക്കാരെ കൊണ്ടുപോകാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് രാജ്യങ്ങൾ തമ്മിൽ ഉടമ്പടിവെക്കുന്നത്.
തുടർന്ന് ഈ അനുമതി വിമാനക്കമ്പനികളിലേക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന അനുമതി ഏത് സാഹചര്യത്തിലും റദ്ദാക്കാൻ ഡി.ജി.സി.എക്ക് അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.