ഹെലികോപ്ടർ അപകടം സംയുക്തസംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി; എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന് ചുമതല
text_fieldsന്യൂഡൽഹി: സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ മരിച്ച കുനൂർ സൈനിക ഹെലികോപ്ടർ അപകടം സേനകളുടെ സംയുക്ത സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ. എയർ മാർഷൽ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
അപകടം നടന്ന നീലഗിരി ജില്ലയിലെ വെല്ലിങ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ഹെലികോപ്ടർ അപകടം സംബന്ധിച്ച പാർലമെന്‍റിൽ രാജ്നാഥ് സിങ് നടത്തിയ പ്രസ്താവനയിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചത്.
ഹെലികോപ്ടർ അപകടത്തിൽ മരിച്ച 13 പേർക്ക് പാർലമെന്‍റിന്‍റെ ഇരുസഭകളും ആദരാഞ്ജലി അർപ്പിച്ചു. ലോക്സഭ, രാജ്യസഭ അംഗങ്ങൾ രണ്ട് മിനിട്ട് മൗനം ആചരിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്‍റിൽ പ്രസ്താവന നടത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാരുടെ യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, പ്രഹ്ലാദ് ജോഷി, നിർമല സീതാരാമൻ, അനുരാഗ് താക്കൂർ എന്നിവർ പങ്കെടുത്തു.
ബുധനാഴ്ച ഉച്ചയോടെയാണ് കുനൂരിനു സമീപം സൈനിക ഹെലികോപ്ടർ തകർന്നുവീണ് രാജ്യത്തിന്‍റെ പ്രഥമ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ പ്രദീപ് അറക്കലും അപകടത്തിൽ മരിച്ചിരുന്നു.
മൊത്തം 14 പേരാണ് എം.ഐ 17 വി5 റഷ്യൻ നിർമിത ഹെലികോപ്ടറിൽ യാത്ര ചെയ്തിരുന്നത്. വൻമരങ്ങൾക്കു മുകളിൽ വൻശബ്ദത്തോടെ തകർന്നുവീണയുടൻ കോപ്ടർ തീപിടിച്ച് പൂർണമായും കത്തിനശിക്കുകയും കോപ്ടറിന്റെ ഭാഗങ്ങൾ ചിന്നിച്ചിതറുകയും ചെയ്തു. രക്ഷപ്പെട്ട ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് 80 ശതമാനം പൊള്ളലേറ്റ നിലയിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.