എയർ മാർഷൽ വി.ആർ. ചൗധരി വ്യോമസേന മേധാവി
text_fieldsന്യൂഡൽഹി: എയർമാർഷൽ വിവേക് റാം ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി ആർ.കെ.എസ് ഭദൗരിയ സെപ്റ്റംബർ 30ന് വിരമിക്കുന്നതോടെയാണിത്. നിലവിൽ എയർസ്റ്റാഫ് ഉപമേധാവിയാണ് ചൗധരി. ഉപമേധാവിയാകുന്നതിന് മുമ്പ് വെസ്റ്റേൺ എയർ കമാൻഡ് മേധാവിയായിരുന്നു. 38 വർഷം നീണ്ട സേവന കാലയളവിനിടെ ലഡാക്ക് അടക്കം നിർണായക മേഖലകളിൽ ആകാശ സുരക്ഷയുടെ ചുക്കാൻപിടിച്ചിട്ടുണ്ട്. സേനയുടെ വിവിധ തലങ്ങളിൽ കമാൻഡ്, സ്റ്റാഫ് ചുമതലകളും വഹിച്ചു.
1982 ഡിസംബർ 29ന് വ്യോമ സേനയിൽ ചേർന്നു. ആദ്യകാലത്ത് പോർ വിമാന പൈലറ്റായിരുന്നു. മിഗ്-21, എസ്.യു -30 എം.കെ.ഐ അടക്കം യുദ്ധ വിമാനങ്ങൾ 3800 മണിക്കൂറിലേറെ പറത്തിയ പരിചയ സമ്പത്തുണ്ട്. സേനാംഗങ്ങളുടെ വൈമാനിക പരിശീലകനുമായിരുന്നു. നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കര-വ്യോമ-നാവിക സേനകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ തിയറ്റർ കമാൻഡ് അടക്കം നിരവധി വെല്ലുവിളികളാണ് ചൗധരിക്ക് മുന്നിലുള്ളത്. തിയറ്റർ കമാൻഡിന് വ്യോമസേന പൂർണമായും അനുകൂലമല്ല എന്ന ചിന്താഗതി നിലനിൽക്കുന്നതിനിടെയാണ് ചൗധരി സേന തലപ്പത്തേക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.