അന്തരീക്ഷ മലിനീകരണം; അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നഗരങ്ങളിൽ മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളോട് മലിനീകരണ പ്രശ്‌നം നേരിടാൻ നടപ്പാക്കിയ നടപടികളുടെ വിശദമായ കണക്ക് നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ, പി.കെ. മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഒരാഴ്ച സമയം നൽകി. വിഷയം നവംബർ ഏഴിന് വീണ്ടും പരിഗണിക്കും.
ഭാവിതലമുറയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് വിഷയത്തില്‍ ഗുരുതരമായ ആശങ്ക ഉന്നയിച്ച കോടതി ചൂണ്ടിക്കാട്ടി. പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലമാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത്. മനുഷ്യന്‍റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വിശദമായ കണക്ക് നൽകാൻ ആവശ്യപ്പെട്ടത്.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിളകള്‍ കത്തിക്കുന്നതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ശക്തമായ കാറ്റാണ് മലിനീകരണത്തിന്‍റെ മറ്റൊരു കാരണമെന്ന് വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടികാട്ടിയപ്പോള്‍ 'ശക്തമായ ഭരണകൂട കാറ്റാ'ണിവിടെ വേണ്ടതെന്നായിരുന്നു ബെഞ്ചിന്‍റെ വാദം.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എ.ക്യു.ഐ), തീപിടിത്തങ്ങളുടെ എണ്ണം തുടങ്ങിയവ ഉള്‍പ്പെടെ നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലും പരിസരങ്ങളിലും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷനോട് സുപ്രീം കോടതി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.