എയര്‍ ഇന്ത്യ എക്സ്പ്രസ് ബ്രാന്‍ഡില്‍ വിമാന സര്‍വിസ് നടത്താന്‍ എയര്‍ ഏഷ്യ ഇന്ത്യക്ക് അനുമതി
text_fieldsകൊച്ചി: എയര്‍ ഇന്ത്യയുടെ സബ്സിഡിയറിയായ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബ്രാന്‍ഡില്‍ വിമാന സര്‍വിസ് നടത്താന്‍ റഗുലേറ്ററി സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു. ഇരു എയര്‍ലൈനുകളുടെയും കസ്റ്റമര്‍ ടച്ച് പോയിന്‍റുകള്‍, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ ഒരുമിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സംയോജന നീക്കങ്ങള്‍ വേഗത്തിലാക്കുന്നതാണ് ഈ നടപടി.
എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ ഏഷ്യ ഇന്ത്യയ്ക്കും ഇരു സ്ഥാപനങ്ങളുടേയും നിയമപരമായ ലയനത്തിനു മുന്നോടിയായി വിമാന സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന പൊതു ബ്രാന്‍ഡില്‍ നടത്താന്‍ ഈ അംഗീകാരം അനുമതി നല്‍കും. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇരു കമ്പനികളെയും ഇതു സഹായിക്കും.
സംയോജനവുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക ചുവടു വെപ്പുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും നടത്തിയത്. മാര്‍ച്ച് മാസത്തില്‍ സംയോജിത വെബ്സൈറ്റ് അവതരിപ്പിച്ചിരുന്നു. ഫ്ളൈറ്റിലെ സേവനം മെച്ചപ്പെടുത്താൻ എയര്‍ ഇന്ത്യ എക്സ്പ്രസ് ഗൊര്‍മേര്‍ ഇന്‍ ഫ്ളൈറ്റ് ഡൈനിങ് മെനു അവതരിപ്പിച്ചിരുന്നു.
കൂടാതെ എക്സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങള്‍ ഇരു എയര്‍ലൈനുകളിലും വിപുലമാക്കി. മുന്‍ഗണനാ ചെക് ഇന്‍, ബോര്‍ഡിങ്, ലഗേജ് തുടങ്ങിയവയാണ് ഇതിലൂടെ നല്‍കുക. മറ്റു നിരവധി സേവനങ്ങളും പൊതു സബ് ബ്രാന്‍ഡുകളും ഇരു എയര്‍ലൈനുകളും സംയോജിപ്പിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസ് 20 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കാണ് സര്‍വിസ് നടത്തുന്നത്. എയര്‍ ഏഷ്യ ഇന്ത്യ 19 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും. ഇരു ശൃംഖലകളുടേയും സംവിധാനങ്ങൾ സംയോജിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് കമ്പനി വൃത്തങ്ങൾ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.