പോടാ പട്ടേൽ മനസ്സ് വെച്ച് ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം; ഗുജറാത്തിലെ മയക്കുമരുന്ന് വേട്ടയെ പരിഹസിച്ച് ഐഷ സുൽത്താന
text_fieldsഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ 21000 കോടിയുടെ മയക്കുമരുന്ന് പിടിച്ച സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി സിനിമാ പ്രവർത്തകയും ലക്ഷദ്വീപ് നിവാസിയുമായ ഐഷ സുൽത്താന. പുറംകടലിൽ മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപുകാരെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പേട്ടലിനെ ഫേസ്ബുക്ക് പോസറ്റിലൂടെ അവർ പരിഹസിക്കുകയും ചെയ്തു.
ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെ ശ്രീലങ്കയുടെ കപ്പലിൽ നിന്നും 3000 കോടിയുടെ മയക്ക് മരുന്ന് പിടിച്ചപ്പോൾ, ദ്വീപ് നിവാസികളാരും അതിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇല്ലാതിരുന്നിട്ടും ദ്വീപിൽ പാസ അടിച്ചേൽപ്പിക്കാൻ ആവേശം കാണിച്ച പോട പട്ടേലിന്‍റെ സ്വന്തം നാട്ടിൽ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിൾ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോയെന്ന് അവർ ചോദിച്ചു.
ഈ കമ്പനി വല്ല അബ്ബാസിന്‍റെയോ ഹയിറുന്നിസ്സയുടേയോ ആയിരുന്നേങ്കിൽ എന്താവുമായിരുന്നു പ്രചാരണത്തിന്‍റെ അവസ്ഥയെന്നും മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെയെന്നും അവർ പരിഹസിച്ചു. ഇത്ര ആത്മവിശ്വാസത്തിൽ ഇത്ര വലിയ അളവിൽ മയക്കുമരുന്ന് കടത്തണമെങ്കിൽ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ മയക്കുമരുന്ന് ഇടപാട് അവിടെ നടന്നിട്ടുണ്ടാകുമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചു.
ഗുജറാത്തിൽ നിന്നുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പേട്ടൽ ദ്വീപിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ ഐഷ സുൽത്താന ശക്തമായി പ്രതിഷേധിച്ചിരുന്നു. ചാനൽ ചർച്ചയിൽ സുൽത്താന നടത്തിയ പരാമർശങ്ങളുടെ പേരിൽ അവർക്കെതിരെ ബി.ജെ.പി പരാതി നൽകുകയും രാജ്യദ്രോഹമടക്കം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു.
ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ആഹാ കൊള്ളാലോ ഗുജ്‌റാത്ത്...
രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തിൽ നടന്നു അതും 21000 കോടിയുടെ...
സുധാകറിന്‍റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറിൽ നിന്നാണ് DRI ഉദ്യോഗസ്ഥർ പിടികൂടിയത്...ഇത്ര ആത്മവിശ്വാസത്തിൽ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കിൽ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാൻസാക്ഷൻ നടന്നിരിക്കണം ? DRI യിലെ ട്രാൻസ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്‍റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തൽ പൊളിച്ചത്... ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കൻമാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ?
ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെന്ന് 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലിൽ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇല്ലെന്നിരിക്കെ ദ്വീപിൽ പാസ അടിച്ചേൽപ്പിക്കാൻ ആവേശം കാണിച്ച പോട പട്ടേലിന്‍റെ സ്വന്തം നാട്ടിൽ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിൾ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ?
പോടാ പട്ടേൽ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം...
ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും. ഞങ്ങൾ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തിവ്രവാദികൾ ആക്കാൻ ശ്രമം നടത്തിയപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങൾക്ക് അതിപ്പോ പോടാ പാട്ടേലിന്‍റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു...
"ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് "
ഈ കമ്പനി വല്ല അബ്ബാസിന്‍റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കിൽ എന്താവുമായിരുന്നു പ്രചാരണത്തിന്‍റെ അവസ്ഥ.
മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത് പേരിട്ടു വിളിക്കും...?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.