അസം മണ്ഡല പുനർനിർണയം: കരടിനെതിരെ എ.ഐ.ഡി.യു.എഫ് സുപ്രീംകോടതിയിൽ
text_fieldsഗുവാഹതി: അസമിൽ നിയമസഭ, പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിക്കുന്ന കരട് നിർദേശത്തിനെതിരെ ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.ഡി.യു.എഫ്) സുപ്രീംകോടതിയെ സമീപിച്ചു. പുനർനിർണയ കമീഷനു പകരം തെരഞ്ഞെടുപ്പ് കമീഷൻ നേരിട്ടാണ് മണ്ഡല പുനർനിർണയം നടത്തിയതെന്നും ഇത് ആരോടും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി ഉണ്ടാക്കിയതായും സംഘടന ജനറൽ സെക്രട്ടറി അമീനുൽ ഇസ്ലാം പറഞ്ഞു.
അസം സർക്കാർ സബ് കമ്മിറ്റി ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മുമ്പാകെ സമർപ്പിച്ചിരുന്നു. അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇത് കരട് മണ്ഡല പുനർനിർണയ നിർദേശമായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ബി.ജെ.പിക്കും ആർ.എസ്.എസിനും പ്രയോജനം ചെയ്യുംവിധമാണ് മണ്ഡല പുനർനിർണയം. അടുത്ത നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കാവിപ്പടയുടെ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം’’- അദ്ദേഹം തുടർന്നു. നിലവിലെ ന്യൂനപക്ഷ പ്രാതിനിധ്യം 31ൽനിന്ന് അടുത്ത സഭയിൽ 20-22 ആയി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ, പാർലമെന്റ് സീറ്റുകൾ യഥാക്രമം 126, 14 ആയിരുന്നത് നിലനിർത്തിയാണ് മണ്ഡല പുനർനിർണയം. പട്ടികജാതി സംവരണ സീറ്റുകൾ എട്ടിൽനിന്ന് ഒമ്പതും പട്ടിക വർഗത്തിന്റേത് 16ൽനിന്ന് 19ഉം ആയി ഉയർത്തിയിട്ടുണ്ട്. നേരത്തെയുള്ള ചില സീറ്റുകൾ ഒഴിവാക്കി പകരം പുതിയവ ഉൾപ്പെടുത്തി. കരട് നിർദേശം സംബന്ധിച്ച അഭിപ്രായമാരായാൻ തെരഞ്ഞെടുപ്പ് മുഖ്യ കമീഷണർ രാജീവ് കുമാറുടെ നേതൃത്വത്തിൽ ജൂലൈ 19ന് സംസ്ഥാനത്തെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.