'എന്നോട് കളിച്ചാൽ രണ്ടു മിനിറ്റിനുള്ളിൽ മര്യാദ പഠിപ്പിക്കും'; ആഭ്യന്തര സഹമന്ത്രി കർഷകരോട് കയർക്കുന്ന ഭീഷണി വിഡിയോ പുറത്ത്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിന് കാരണമായതെന്ന് കരുതുന്ന, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ ഭീഷണി വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തന്നോട് കളിച്ചാൽ രണ്ടു മിനിറ്റിനുള്ളിൽ മര്യാദ പഠിപ്പിക്കുമെന്നാണ് മന്ത്രി കർഷകരോട് കയർക്കുന്നത്. ''മന്ത്രിയും എം.പിയും എം.എൽ.എയുമെല്ലാം ആകുന്നതിനു മുമ്പ് ഞാൻ ആരായിരുന്നുവെന്നും വെല്ലുവിളികളിൽനിന്ന് ഒളിച്ചോടുന്നയാളല്ല ഞാനെന്നും എന്നെ അറിയുന്നവർക്ക് നന്നായി അറിയാം. ഈ വെല്ലുവിളി ഞാൻ ഏറ്റെടുത്താൽ, നിങ്ങൾ ഈ പ്രദേശമല്ല, ഈ ജില്ല തന്നെ വിട്ടുപോകേണ്ടി വരും.'' -മിശ്ര പറയുന്നു.
ഖേരി മണ്ഡലത്തിൽ ഒരു മാസം മുമ്പ് പൊതുപരിപാടിയിൽ സംബന്ധിക്കാനെത്തിയ മിശ്രക്കുനേരെ കർഷകർ കരിങ്കൊടി വീശിയിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു മന്ത്രിയുടെ ഭീഷണി പ്രസംഗം. ഇതിനുശേഷം മിശ്രക്കെതിരെ കർഷകർ പ്രതിഷേധത്തിലായിരുന്നു. അക്രമസംഭവങ്ങൾ അരങ്ങേറിയ ഞായറാഴ്ച മിശ്രയുടെ ജന്മനാടായ ബൻബിർപുരിൽ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരിപാടി സംഘടിപ്പിച്ചപ്പോൾ കർഷകർ ഹെലിപാഡിനു മുന്നിൽ സമാധാനപരമായി ധർണ നടത്തുകയായിരുന്നു. എന്നാൽ, ഞായറാഴ്ച കർഷകർക്കുനേരെ കാർ ഓടിച്ചുകയറ്റിയ സ്ഥലത്ത് താനോ മകനോ ഉണ്ടായിരുന്നില്ലെന്നും ഇതു തെളിയിക്കുന്ന വിഡിയോ തെന്റ പക്കലുണ്ടെന്നുമാണ് മിശ്രയുടെ വാദം.
ബബ്ബർ ഖൽസ പോലുള്ള തീവ്രവാദ സംഘടനകൾ കർഷക പ്രതിഷേധത്തിൽ നുഴഞ്ഞുകയറി അക്രമം കാണിക്കുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. അതേസമയം, കാർ ഓടിച്ചുകയറ്റിയ സംഭവവുമായി ബന്ധപ്പെട്ട് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെയും കേസെടുത്തിട്ടുണ്ട്. നേരത്തേ കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്ന അജയ് കുമാർ മിശ്രയെ പിന്നീട് കോടതി കൊലക്കുറ്റത്തിൽനിന്ന് വിമുക്തനാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.