രാജസ്ഥാൻ മന്ത്രിസഭ വികസനം: അജയ് മാക്കൻ കോൺഗ്രസ് എം.എൽ.എമാരുമായി ചർച്ച നടത്തി
text_fieldsജയ്പുർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് മന്ത്രിസഭ പുനഃസംഘാടനത്തിനു മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ പാർട്ടി എം.എൽ.എമാരുമായി ചർച്ച നടത്തി. സംസ്ഥാന ഭരണത്തെക്കുറിച്ച് എം.എൽ.എമാരിൽ നിന്ന് മാക്കൻ പ്രതികരണമാരാഞ്ഞു.
66 എം.എൽ.എമാരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ മാക്കൻ വ്യാഴാഴ്ച 52 എം.എൽ.എമാരെ നേരിൽ കണ്ടു ചർച്ച നടത്തി. ജില്ല തിരിച്ചായിരുന്നു ചർച്ചയെന്ന് കോൺഗ്രസ് നേതാവ് മഹേന്ദ്ര ചൗധരി മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനും ലക്ഷ്യമിട്ടാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരിൽനിന്ന് പ്രതികരണം തേടുന്നത് കോൺഗ്രസിൽ പുതുമയല്ലെന്നും പാർട്ടിക്ക് ഗുണകരമാണെന്നും പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ചർച്ചക്കു ശേഷം ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു.
അതേസമയം, പാർട്ടിക്കുവേണ്ടി ചോരയും നീരുമൊഴുക്കിയ ജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നുറപ്പാക്കണമെന്ന് എം.എൽ.എ റാം നിവാസ് ഗവാഡിയ വാർത്തലേഖകരോട് പറഞ്ഞു. ഗെഹ്ലോട്ട് മന്ത്രിസഭയിലെ ചിലർക്കെതിരെ ഗവാഡിയ പരാതി ഉന്നയിച്ചിരുന്നു. 2018 ലാണ് അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 106 അംഗങ്ങളുണ്ട്. കൂടാതെ 13 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. അജയ് മാക്കനു പുറമെ കെ.സി. വേണുഗോപാലും ശനിയാഴ്ച അശോക് ഗെഹ്ലോട്ടുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.