‘അവർ പലതുമെഴുതും, കഥകളുണ്ടാക്കും; ഓപറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് നഷ്ടമില്ല, അല്ലെങ്കിൽ ഒരു ചിത്രമെങ്കിലും കാണിക്കൂ’
text_fieldsചെന്നൈ: ഓപറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് നാശനഷ്ടമുണ്ടായെന്ന തരത്തിൽ വിദേശ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തള്ളി. സൈനിക ദൗത്യം ഇന്ത്യക്ക് അഭിമാന നിമിഷമായിരുന്നുവെന്ന് പറഞ്ഞ ദോവൽ, ഇന്ത്യക്ക് നഷ്ടമുണ്ടായെന്ന് തെളിയിക്കുന്ന ഒരു ചിത്രമെങ്കിലും കാണിക്കാൻ വിമർശകരെ വെല്ലുവിളിച്ചു. മദ്രാസ് ഐ.ഐ.ടിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യക്ക് നഷ്ടമുണ്ടായതിന്‍റെ, ഒരു ഗ്ലാസ് പൊട്ടിയതിന്‍റെയെങ്കിലും ഫോട്ടോ കാണിക്കൂ. 23 മിനിറ്റ് നീണ്ട ദൗത്യത്തിൽ ലക്ഷ്യംവച്ച ഒമ്പത് ഭീകരകേന്ദ്രങ്ങളും തകർത്തു. ആക്രമണം കൃത്യമായിരുന്നു. എല്ലാം ലക്ഷ്യം കണ്ടു. ന്യൂയോർക്ക് ടൈംസ് പലതുമെഴുതും. കഥകളുണ്ടാക്കും. മേയ് 10ന് മുമ്പും ശേഷവുമുള്ള 13 പാകിസ്താൻ എയർബേസിന്‍റെ ചിത്രങ്ങളാണ് അവർ പ്രസിദ്ധീകരിച്ചത്.
പാകിസ്താൻ എയർബേസുകൾ തകർക്കാൻ വലിയ പ്രയാസമില്ല. ഇന്ത്യൻ അതിർത്തിയിൽ നാശമുണ്ടായെന്ന രീതിയിൽ വിദേശ മാധ്യമങ്ങൾ വാർത്ത നൽകി. എന്നാൽ വളരെ കൃത്യമായി ലക്ഷ്യസ്ഥാനങ്ങളിൽ ആയുധം പ്രയോഗിക്കാൻ നമുക്ക് കഴിഞ്ഞു. തദ്ദേശീയമായ വികസിപ്പിച്ച സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നവയായിരുന്നു അവയെല്ലാമെന്നതിൽ നമുക്ക് അഭിമാനിക്കാം” -അജിത് ദോവൽ പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ സേന സംയുക്തമായി ഓപറേഷൻ സിന്ദൂർ നടപ്പാക്കിയത്. മേയ് ഏഴിന് പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ സൈന്യം തകർത്തു. നൂറിലേറെ ഭീകരരെ വധിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. പഹൽഗാമിൽ 26 വിനോദസഞ്ചാരികളെയാണ് ഭീകരർ വധിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.