നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ ശരദ് പവാറിനൊപ്പം പോകും- അജിത് പവാറിന് മുന്നറിയിപ്പുമായി അജിത് ഗവ്ഹാനെ
text_fieldsമുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലെ അജിത് ഗവ്ഹാനെ 15 മുൻ കോർപറേറ്റുമാർക്കൊപ്പം ശനിയാഴ്ച ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഇതോടെ ഗവ്ഹാനെ ശരദ് പവാർ പക്ഷത്തെത്തുമെന്ന അഭ്യൂഹം പ്രചരിച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ ഭോസാരി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗവ്ഹാനെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അജിത്‍ പവാറിന്റെ ഗ്രൂപ്പ് ബി.ജെ.പിയുമായും മുഖ്യമന്ത്രി ഏക്നാഥെ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായും സഖ്യത്തിലായതിനാൽ ഈ സീറ്റ് ലഭിക്കാൻ സാധ്യതയില്ല.
ബി.ജെ.പിയുടെ മഹേഷ് ലാൻഡെ ആണ് നിലവിൽ ഈ മണ്ഡലത്തിലെ എം.എൽ.എ. സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ ശരദ് പവാറിന്റെ ഒപ്പം പോകുമെന്നാണ് ഗവ്ഹാനെ ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചത്. ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്നും ശരദ് പവാറിന്റെ എൻ.സി.പിയുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.സി.പിയുടെ പിമ്പ്രി-ചിഞ്ച്വാദ് യൂനിറ്റിന്റെ ചുമതല ഗവ്ഹാനെക്കാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അജിത് പവാർ ഘടകത്തിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തുടർന്ന് കേന്ദ്രമന്ത്രിസഭയിൽ അജിത്തിന്റെ എൻ.സി.പി പ്രാതിനിധ്യം നൽകാൻ ബി.ജെ.പി തയാറായില്ല. മന്ത്രിയെന്ന നിലയിൽ അജിത്തിന്റെ മോശം പ്രകടന്മാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് മുതിർന്ന ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തിയത്. സഖ്യത്തിൽ നിന്ന് അജിത്ത് പവാറിനെ പുറത്താക്കണമെന്നും ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.