ഏക സിവിൽ കോഡ് ചർച്ച ചെയ്യണം; ജനന നിയന്ത്രണത്തിന് നിയമം വേണം -അജിത് പവാർ
text_fieldsമുംബൈ: ഏക സിവിൽ കോഡിനെ കുറിച്ച് ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും ജനന നിയന്ത്രണത്തിന് നിയമം വേണമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി വിമത നേതാവുമായ അജിത് പവാർ. കർജത്തിൽ നടന്ന പാർട്ടിയുടെ ദ്വിദിന പഠന ക്യാമ്പിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ, ദലിതുകൾ എന്നിവർക്കിടയിൽ ഏക സിവിൽ കോഡിനെ കുറിച്ച് തെറ്റിദ്ധാരണയുള്ളതായും അത് സംവരണത്തെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും പറഞ്ഞ അജിത്, അതിനാൽ ഏക സിവിൽ കോഡിനെ കുറിച്ച് വ്യക്തമായ ചർച്ച വേണമെന്നും ആവശ്യപ്പെട്ടു.
ദമ്പതികൾക്ക് രണ്ടു കുഞ്ഞുങ്ങളെന്ന വിധം ജനനം നിയന്ത്രിച്ചില്ലെങ്കിൽ പ്രകൃതി വിഭവങ്ങൾ മതിയാകാതെ വരുമെന്ന് അജിത് പറഞ്ഞു. അത്തരം നിയമം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തോന്നിയാൽ അദ്ദേഹം അത് കൊണ്ടുവരുമെന്നും അജിത് കൂട്ടിച്ചേർത്തു. അതേസമയം, തന്റെ പക്ഷം ഒരിക്കലും അടിസ്ഥാന തത്ത്വം കൈവിടില്ലെന്നും മതേതരത്വവും പുരോഗമന ചിന്തയുമാണ് പാർട്ടിയുടെ ആത്മാവെന്നും അജിത് വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.