വീണ്ടും അജിത് പവാർ–ശരദ് പവാർ കൂടിക്കാഴ്ച; അജിത് ഡൽഹിയിൽ
text_fieldsമുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾക്ക് വഴിവെച്ച് വീണ്ടും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും വിമത നേതാവ് അജിത് പവാറും തമ്മിൽ കൂടിക്കാഴ്ച. വിമതനീക്കത്തിലൂടെ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായ ശേഷം നാലാംതവണയാണ് അജിത് പവാർ, ശരദ് പവാറിനെ കാണുന്നത്. ശരദ് പവാറിന്റെ സഹോദരൻ പ്രതാപ്റാവു പവാറിന്റെ പുണെയിലെ വീട്ടിലാണ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടന്നത്.
പവാറിനൊപ്പം മകളും പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെയുമുണ്ടായിരുന്നു. അജിത് പക്ഷക്കാരനായ മന്ത്രി ദിലീപ് വൽസെ പാട്ടീലാണ് ആദ്യം പവാറിനെ കണ്ടത്. തുടർന്നാണ് അജിത്തിന്റെ സന്ദർശനം. കൂടിക്കാഴ്ചക്കുശേഷം അജിത് ഡൽഹിക്ക് പോയി.
ഡൽഹിയിൽ വിമതപക്ഷ നേതാക്കളുടെ യോഗശേഷം അജിതും പ്രഫുൽ പട്ടേലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നാണ് സൂചന.ദീപാവലിയുടെ ഭാഗമാണ് സന്ദർശനമെന്ന് കുടുംബവൃത്തങ്ങൾ പറയുമ്പോഴും അജിത്തിന്റെ ഡൽഹി യാത്ര അഭ്യൂഹത്തിന് വഴിവെക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പവാറിനെ എൻ.ഡി.എയുടെ ഭാഗമാക്കാൻ ബി.ജെ.പി നേതൃത്വം അജിത് പവാറിലൂടെ ശ്രമിക്കുകയാണെന്ന വാദമുണ്ട്. പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യുടെ മുനയൊടിക്കുകയാണ് പ്രധാന ലക്ഷ്യമത്രെ. ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്ന് പവാർ ആവർത്തിച്ചിട്ടുണ്ട്.
ഭരണസഖ്യത്തിൽ അജിത് തൃപ്തനല്ലെന്ന സൂചനയുമുണ്ട്. മന്ത്രിസഭ യോഗങ്ങളിൽനിന്ന് അജിത് വിട്ടുനിന്നത് നേരത്തെ ചർച്ചയായിരുന്നു. ദിവസങ്ങളായി അജിത് സജീവമല്ലെന്നതും സംശയമുണ്ടാക്കുന്നു. ഇതിനിടയിലാണ് അജിത്-പവാർ കൂടിക്കാഴ്ചയും തുടർന്നുള്ള അജിതിന്റെ ഡൽഹി യാത്രയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.