Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയ അട്ടിമറിയിൽ...

രാഷ്ട്രീയ അട്ടിമറിയിൽ എൻ.സി.പി പിളർന്നു; അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
ajith pawar
cancel
camera_alt

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാറിനെ ഗവർണർ രമേശ് ബയ്സ് അഭിനന്ദിക്കുന്നു. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ് സമീപം

മുംബൈ: മഹാനാടകങ്ങൾക്ക് പഞ്ഞമില്ലാത്ത മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ അട്ടിമറിയിൽ, അതികായനായ ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നെടുകെ പിളർന്നു. കൊട്ടാര വിപ്ലവത്തിന് നേതൃത്വം നൽകി അനന്തരവൻ അജിത് പവാർ ഭൂരിഭാഗം എം.എൽ.എമാരുമായി ബി.ജെ.പി മുന്നണിയിലേക്ക് ചാടി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ഞായറാഴ്ച അധികാരമേറ്റു. ഷിൻഡെ വിഭാഗം ശിവസേന എം.എൽ.എമാർ അയോഗ്യരാക്കപ്പെടുന്നത് മുന്നിൽകണ്ട്, മന്ത്രിസഭ നിലനിർത്താനായി ബി.ജെ.പി നടത്തിയ അട്ടിമറിയാണിതെന്ന് ഉദ്ധവ് വിഭാഗമടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

കാൽ നൂറ്റാണ്ട് മുമ്പ് ശരദ് പവാർ രൂപവത്കരിച്ച എൻ.സി.പിയുടെ 53 എം.എൽ.എമാരിൽ ഭൂരിഭാഗം പേരും അനന്തരവനൊപ്പം ബി.ജെ.പി-ശിവസേന (ഷിൻഡെ) ക്യാമ്പിലെത്തി. എൻ.സി.പിയുടെ 40 ലേറെ എം.എൽ.എമാരുടെയും ആറിലേറെ എം.എൽ.സിമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കാണിച്ച് അജിത് പവാർ ഗവർണർക്ക് കത്തു നൽകിയതായി വിവിധ കേന്ദ്രങ്ങൾ പറഞ്ഞു.

മഹാരാഷ്ട്ര രാജ്ഭവനിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ എട്ട് എൻ.സി.പി എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി വർക്കിങ് പ്രസിഡന്റുമാരിലൊരാളായ പ്രഫുൽ പട്ടേൽ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തുടങ്ങിയവരും കാലുമാറിയവരിൽപെടും. ദേവേന്ദ്ര ഫഡ്നാവിസ് മറ്റൊരു ഉപമുഖ്യമന്ത്രിയാണ്. പ്രതിപക്ഷത്തെ വൻ ശക്തിയായിരുന്ന ശിവസേനയെ പിളർത്തി ബി.ജെ.പി മുന്നണിയിൽ ചേർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ ഏക്നാഥ് ഷിൻഡെയുടെ വഴിതന്നെയാണ് അജിത്തും തെരഞ്ഞെടുത്തത്.

മകൾ സുപ്രിയ സുലെയെ വർക്കിങ് പ്രസിഡന്റാക്കിയ അധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനത്തിൽ അതൃപ്തനായിരുന്ന അജിത് പവാർ, ഈയിടെ പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ മഹാസമ്മേളനത്തിലും സുപ്രിയക്ക് പ്രാധാന്യം ലഭിച്ചതിൽ രോഷാകുലനായിരുന്നു.

ശിവസേന-ബി.ജെ.പി മന്ത്രിസഭയിൽ ചേരാൻ എൻ.സി.പി തീരുമാനിച്ചെന്നും നരേന്ദ്ര മോദിയുടെ നേതൃത്വം മികച്ചതാണെന്നും സത്യപ്രതിജ്ഞ ചടങ്ങിനുശേഷം അജിത് പവാർ പ്രതികരിച്ചു. അതേസമയം, ഇത് പാർട്ടി തീരുമാനമല്ലെന്നും കൂറുമാറിയവർക്കെതിരെ നടപടി എടുക്കുമെന്നും അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

288 അംഗ നിയമസഭയിലേക്ക് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മഹാരാഷ്ട്രയിൽ പുതിയ നാടകം. അതിനിടെ, ജിതേന്ദ്ര അവാധിനെ പ്രതിപക്ഷ നേതാവായി എൻ.സി.പി തെരഞ്ഞെടുത്തു.

സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച തീരുമാനത്തിനു മുന്നോടിയായി അജിത്തിന്റെ വസതിയിൽ നിരവധി പാർട്ടി എം.എൽ.എമാർ യോഗം ചേർന്നിരുന്നു. വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും ഇതിൽ പങ്കെടുത്തിരുന്നുവെങ്കിലും യോഗം പൂർത്തിയാകുന്നതിനു മുമ്പേ ഇറങ്ങിപ്പോരുകയുണ്ടായി.

പാർട്ടിവിട്ട് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവർക്ക് എൻ.സി.പി പിന്തുണയില്ലെന്ന് പാർട്ടി വക്താവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraAjit PawarNCP
News Summary - Ajit Pawar takes oath as new deputy chief minister of Maharashtra
Next Story