മതേതര ആശയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അജിത് പവാർ, ‘ബി.ജെ.പിക്കൊപ്പം ചേർന്നത് വികസന അജണ്ട മുൻനിർത്തി മാത്രം’
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി അജിത് പവാറിന്റെ മനസ്സിലുണ്ട്. എൻ.സി.പിയെ പിളർത്തി ബി.ജെ.പിയുമായി കൂട്ടുകൂടിയത് നഷ്ടക്കച്ചവടമായെന്ന് തുറന്നുപറയുന്നില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത് തിരിച്ചടിയുടെ തുടർച്ചയാണെന്ന ആശങ്ക ഇല്ലാതില്ല.
പരമ്പരാഗതമായി എൻ.സി.പിയെ തുണച്ചിരുന്ന മതേരതര വോട്ടുകൾ ബി.ജെ.പി ബാന്ധവത്താൽ തങ്ങൾക്കെതിരെ തിരിയുന്നത് ഭാര്യ ഉൾപ്പെടെ തോറ്റു തുന്നംപാടിയ ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ അജിത് പവാർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ, നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി ന്യൂനപക്ഷ-മതേതര വോട്ടുകൾ അനുകൂലമാക്കാനുള്ള തന്ത്രങ്ങളാലോചിക്കുകയാണ് അജിത്തും സംഘവും. മതേതരത്വത്തിലൂന്നിയ എൻ.സി.പിയുടെ ആശയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ബി.ജെ.പിക്കൊപ്പം മഹായുതി സഖ്യത്തിൽ ചേർന്നത് വികസനമെന്ന അജണ്ട മുൻനിർത്തി മാത്രമാണെന്നും ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ അജിത് പവാർ പറഞ്ഞു.
ബി.ജെ.പിയും അജിത്തിന്റെ എൻ.സി.പിയും ചേർന്ന മഹായുതിയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷവുമുണ്ട്. സഖ്യത്തെക്കുറിച്ചുള്ള കൂടിയാലോചന നടത്തുമ്പോൾ ‘മതേതരത്വം’ എന്ന ആശയത്തെക്കുറിച്ച് തങ്ങൾ കൃത്യമായി ചർച്ചചെയ്യുകയും അതിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നതായും അജിത്ത് പറഞ്ഞു. ബി.ജെ.പിക്കൊപ്പം ചേർന്നതിനെ ന്യായീകരിക്കാനായി, പ്രതിപക്ഷം ഈ വിഷയത്തിൽ ഇരട്ടത്താപ്പ് നയം സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു അജിത്തിന്റെ ആരോപണം.
‘പ്രതിപക്ഷ സഖ്യം ഇരട്ടത്താപ്പ് നടത്തുകയാണ്. കോൺഗ്രസും എൻ.സി.പിയും ശിവസേനക്കൊപ്പം ഭരണത്തിലിരിക്കുമ്പോൾ ഈ മതേതര ആശയവും പുരോഗമന ചിന്തയും എവിടെയായിരുന്നു? മതനിരപേക്ഷതയെക്കുറിച്ചുള്ള സമാന ചിന്താഗതിയെ പരിഗണിക്കാതെ കോൺഗ്രസും എൻ.സി.പിയും മുമ്പ് മഹാ വികാസ് അഘാഡി ബാനറിന് കീഴിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ 2014ൽ എൻ.സി.പി നൽകിയ പിന്തുണയെ പരാമർശിച്ച്, മുമ്പ് ബി.ജെ.പിയെ എങ്ങനെയാണ് അവർ പിന്തുണച്ചതെന്ന് അജിത്ത് ചോദിച്ചു. ‘ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ രൂപീകരിച്ചത് ബാഹ്യ പിന്തുണ കൊണ്ടാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുക എന്നതാണ് സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് പവാർ പറഞ്ഞു. ‘മുഖ്യമന്ത്രി തീർച്ചയായും മഹായുതിയുടെ ആളായിരിക്കും’.
പ്രധാന മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നേതൃത്വത്തെ ചൊല്ലിയുള്ള ആഭ്യന്തര സംഘർഷങ്ങൾ ഒഴിവാക്കാം. സീറ്റ് വിഭജന ചർച്ചകൾ വിജയ സാധ്യതയെ അടിസ്ഥാനമാക്കിയായിരിക്കും. അതതു മണ്ഡലത്തിൽ ശക്തമായ പാർട്ടിക്ക് മുൻഗണന നൽകും. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോ സ്വാധീനമുള്ളതോ ആയ 60 സീറ്റുകളിൽ മത്സരിക്കുക എന്നതാണ് എൻ.സി.പിയുടെ ലക്ഷ്യം.
2017ലും 2019ലും എൻ.സി.പിയും ബി.ജെ.പിയും തമ്മിൽ തെരഞ്ഞെടുപ്പ് സഖ്യ ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.