‘മധുവിധു’ തീരുംമുമ്പേ മഹാരാഷ്ട്രയിലെ ഭരണമുന്നണിയിൽ അസ്വാരസ്യമെന്ന് സൂചന, കാബിനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്ന് അജിത് പവാർ
text_fieldsമുംബൈ: ‘മധുവിധു’ തീരുംമുമ്പേ മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി വിമതരും ബി.ജെ.പിയും ചേർന്ന ഭരണമുന്നണിയിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച നടന്ന കാബിനറ്റ് മീറ്റിങ്ങിൽനിന്ന് വിമത എൻ.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിട്ടുനിന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും മറ്റൊരു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമൊപ്പം ഡൽഹിയിലേക്കുള്ള യാത്രയിൽ പങ്കാളിയാകാതെ അജിത് പവാർ പിന്മാറുകയും ചെയ്തു. സർക്കാറിനെ പിടിച്ചുലക്കാൻ പോന്ന ‘രാഷ്ട്രീയ അസ്വസ്ഥത’കളാണ് ഉരുത്തിരിയുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.
‘ട്രിപ്പ്ൾ എൻജിൻ സർക്കാർ അധികാരത്തിൽവന്നിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. അതിൽ ഒരു വിഭാഗം ഏറെ അസ്വസ്ഥരാണെന്നാണ് ഞാനറിഞ്ഞത്. അവർ ഫഡ്നാവിസിനെ നേരിൽകണ്ട് തങ്ങളുടെ അതൃപ്തി അറിയിച്ചതായും ഞാൻ കേട്ടു. മൂന്നു മാസമാകുന്നേയുള്ളൂ; ‘മധുവിധു’ തീർന്നിട്ടില്ല. അപ്പോഴേക്കും പ്രശ്നങ്ങളും അ്വസ്ഥതയുമൊക്കെ ഉടലെടുത്തുകഴിഞ്ഞു. മൂന്നു മാസമാകുമ്പോൾ പ്രചരിക്കുന്നത് അത്തരം വാർത്തകളാണ്. ആരാണ് ഈ സർക്കാറിനെ നയിക്കുന്നത്?‘ -എൻ.സി.പി എം.പി സുപ്രിയ സുലെ പ്രതികരിച്ചു.
മന്ത്രിമാർക്ക് ജില്ലയുടെ ചുമതല നൽകുന്നത് വൈകുന്നതിൽ അജിത് പവാർ അസ്വസ്ഥനായിരുന്നെന്ന് പ്രതിപക്ഷനേതാവ് വിജയ് വാദെത്തിവാർ പറയുന്നു. ഷിൻഡെ-ഫഡ്നാവിസ് സർക്കാറിൽ ചേർന്ന് മാസങ്ങളായിട്ടും അജിത് പവാർ നയിക്കുന്ന എൻ.സി.പിയുടെ മന്ത്രിമാരിൽ പലർക്കും ജില്ലയുടെ ചുമതല നൽകാത്തത് അജിത്തിന്റെ സംഘത്തിൽ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. അജിത് പവാർ കാബിനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിനു പിന്നാലെ 12 ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാരുടെ പേരുവിവരം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ജില്ലയായ പുണെയുടെ ചുമതലയാണ് അജിത് പവാറിന് നൽകിയിട്ടുള്ളത്.
അജിത് പവാറിന് അസുഖമായതിനാലാണ് കാബിനറ്റ് മീറ്റിങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് ഷിൻഡെയുടെ പ്രതികരണം. മറ്റു നിഗമനങ്ങളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാറിന് തൊണ്ടവേദനയുണ്ടെന്നും സംസാരിക്കാൻ കഴിയാത്തതുകൊണ്ടാണ് കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നുമാണ് സംഗതി വിവാദമായതോടെ വിമത എൻ.സി.പി നേതാക്കൾ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.