എൻ.സി.പിയിൽ അജിത് പവാറിന്റെ ഭാവി ശോഭനം; അദ്ദേഹം ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: നാഷണൽ കോൺഗ്രസ് പാർട്ടിക്കൊപ്പം അജിത് പവാറിന്റെ ഭാവി ശോഭനമാണെന്നും അദ്ദേഹം ബി.ജെ.പിയിൽ ചേരില്ലെന്നും ശിവ സേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. മാധ്യമങ്ങളോട് സംസാരിക്കമ്പോഴാണ് സഞ്ജയ് റാവുത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ മഹാ വികാസ് അഘാഡി സംഖ്യത്തിലെ കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയും എൻ.സി.പിയുടെ അജിത് പവാറും തമ്മിൽ രൂക്ഷ മായ തർക്കം നിലനിന്നിരുന്നു. എൻ.സി.പിയുടെ ബി.ജെ.പിയുമായുള്ള ബന്ധം കേന്ദ്ര സർക്കാറിനെതിരായ പോരാട്ടത്തെയും 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളെയും തളർത്തുമെന്നും എന്നാൽ അജിത് പവാർ ബി.ജെ.പിയിൽ ചേരുമെന്ന് താൻ കരുതുന്നില്ലെന്നും നാനാ പടോലെ പറഞ്ഞിരുന്നു.
ഈപരാമർശങ്ങൾക്ക് മറുപടിയായണ് സഞ്ജയ് റാവുത്ത് അജിത് പവാറിൽ വിശ്വാസമുണ്ടെന്ന് അറിയിച്ചത്. ‘അജിത് പവാർ എൻ.സി.പിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം അത്തരം കാര്യങ്ങൾ ചെയ്യുമെന്നും ബി.ജെ.പിക്കൊപ്പം പോകുമെന്നും ഞാൻ കരുതുന്നില്ല. എൻ.സി.പിക്കൊപ്പം അജിത് പവാറിന്റെ രാഷ്ട്രീയ ഭാവി ശോഭനമാണ്. അതിനാൽ ഭയപ്പെടാനൊന്നുമില്ല. അദ്ദേഹം അവരോടൊപ്പം ചേരുകയില്ല. ബി.ജെ.പിയുടെ അടിമയാകില്ല. ഞങ്ങൾക്ക് എൻ.സി.പി നേതാവ് അജിത് പവാറിൽ പൂർണ വിശ്വാസമുണ്ട്. മെയ് 16ന് നാഗ്പരിൽ ഞങ്ങളൊരു റാലി സംഘടിപ്പിക്കുന്നുണ്ട്. അതിനു മുമ്പായി അദ്ദേഹവുമായി സംസാരിക്കും. ശരദ് പവാറുമായി കഴിഞ്ഞ ദിവസം നിരവധി കാര്യങ്ങൾ സംസാരിച്ചിരുന്നു. ഞങ്ങളുടെ ബന്ധം ഫെവികോൾ പോലെയാണ്. ആർക്കും പിരിക്കാനാവില്ല. അതിൽ സംശയമൊന്നും വേണ്ട’ - സഞ്ജയ് റാവുത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം അജിത് പവാർ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാന പടോലെയെ വിമർശിച്ചിരുന്നു. നാനയുടെ പരാമർശങ്ങൾ മഹാ വികാസ് അഘാഡി സംഖ്യത്തിൽ വിള്ളലുകളുണ്ടാക്കിയെന്നായിരുന്നു അജിത് പവാറിന്റെ ആരോപണം. നാനാ പടോലെക്ക് എന്തെങ്കിലും എതിരഭിപ്രായങ്ങളുണ്ടെങ്കിൽ മാധ്യമങ്ങളോട് പറയും മുമ്പ് അത് ജയന്ത് പാട്ടീലിനോടോ ഉദ്ധവ് താക്കറെയോടൊ ചർച്ച ചെയ്യണമെന്നായിരുന്നു അജിത് പവാർ വ്യക്തമാക്കിയിരുന്നത്.
എന്നാൽ താൻ കാര്യങ്ങൾ എൻ.സി.പി നേതാവ് ജയന്ത് പാട്ടീലിനോട് വിശദീകരിച്ചിരുന്നെന്നും ഇക്കാര്യങ്ങളൊന്നും പവാറിന് അറിയാത്തതുപോലെയാണ് തോന്നുന്നതെന്നും അത് പറയാത്തത് ജയന്ത് പാട്ടീലിന്റെ കുറ്റമാണെന്നും നാന പടോലെ പറഞ്ഞു. എൻ.സി.പിയും ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും നാനാപടോശല ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.