വകുപ്പു വിഭജനം; ‘പവറ്’ തെളിയിച്ച് അജിത് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ നേടിയെടുത്ത് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിമതർ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിമതപക്ഷത്തിന്റെയും സംസ്ഥാന ബി.ജെ.പിയുടെയും എതിർപ്പുകൾ മറികടന്ന് ധനകാര്യം, ആസൂത്രണം, കൃഷി തുടങ്ങി 11 വകുപ്പുകളാണ് അജിത് പക്ഷം നേടിയെടുത്തത്.
ധനകാര്യ, ആസൂത്രണ വകുപ്പുകൾ അജിത് പവാറിന് നൽകിയത് ഷിൻഡെപക്ഷത്തിനും മറ്റൊരു ഉപമുഖ്യമന്ത്രിയായ ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസിനും തിരിച്ചടിയായി. ഫഡ്നാവിസ് കൈകാര്യംചെയ്തുവന്ന വകുപ്പുകളാണിത്. അമിത് ഷാ ഉൾപെടെയുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ധനകാര്യം അജിതിന് വിട്ടുകൊടുത്തത്.
മുൻ ഉദ്ധവ് താക്കറെ (എം.വി.എ) സർക്കാറിലും ധനകാര്യം അജിതിനായിരുന്നു. അന്ന് അജിത് തങ്ങളുടെ മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചില്ല എന്നതാണ് വിമത നീക്കത്തിനുള്ള കാരണമായി ഷിൻഡെ പക്ഷം ആരോപിച്ചത്. ഷിൻഡെ മന്ത്രിസഭയിലും അജിതിന് ധനകാര്യം ലഭിച്ചതോടെ ഈ ആരോപണമാണ് പൊളിയുന്നത്. അബ്ദുൽ സത്താർ കൈകാര്യം ചെയ്തുവന്ന കൃഷിവകുപ്പ് അജിത് പക്ഷത്തെ ധനഞ്ജയ് മുണ്ടെക്ക് നൽകിയതും ഷിൻഡെക്ക് തിരിച്ചടിയായി.
ബി.ജെ.പിയിലെ മംഗൾ പ്രഭാത് ലോധയുടെ വനിത ശിശുക്ഷേമ വകുപ്പ് അജിത് പക്ഷത്തെ അതിഥി തത്കരെക്ക് നൽകി. ലവ് ജിഹാദ് വിവാദം ആളിക്കത്തിച്ച് മിശ്രവിവാഹം നിരീക്ഷിക്കാനും ഇടപെടാനും ലോധയുടെ വനിത ശിശുക്ഷേമ വകുപ്പ് പ്രത്യേക സമിതിയുണ്ടാക്കിയത് വിവാദമായിരുന്നു. സഹകരണ വകുപ്പും അജിത് പക്ഷത്തെ ദിലിപ് വൽസെ പാട്ടീലിനാണ്. സഹകരണ മേഖലയിലെ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന ആളാണ് അജിത്. ഇഷ്ട വകുപ്പുകൾ നേടിയെടുത്ത് സർക്കാറിൽ ഷിൻഡെ പക്ഷത്തേക്കാൾ ശക്തർ തങ്ങളാണെന്ന് അജിത് പക്ഷം തെളിയിച്ചതായി നിരീക്ഷിക്കപ്പെടുന്നു.
അയോഗ്യത ഹരജിയിൽ മഹാരാഷ്ട്ര സ്പീക്കർക്ക് സുപ്രീംകോടതി നോട്ടീസ്
മുംബൈ: മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കം ശിവസേന വിമത എം.എൽ.എമാർക്കെതിരായ അയോഗ്യത ഹരജി തീർപ്പാക്കുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷ ശിവസേന നൽകിയ ഹരജിയിൽ സുപ്രീംകോടതി മഹാരാഷ്ട്ര സ്പീക്കറുടെ മറുപടി തേടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രണ്ടാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചത്.
വിമതരെ അയോഗ്യരാക്കണമെന്ന ഹരജികളിൽ സ്പീക്കർ രാഹുൽ നർവേക്കർ തീരുമാനം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ഉദ്ധവ് പക്ഷം കോടതിയിൽ ആരോപിച്ചു. അയോഗ്യത ഹരജികൾ നൽകിയിട്ട് ഒരു വർഷവും സമയബന്ധിതമായി ഹരജിയിൽ തീരുമാനമെടുക്കാൻ സ്പീക്കറോട് കോടതി നിർദേശിച്ചിട്ട് രണ്ടു മാസവും കഴിഞ്ഞെന്നും വിധി വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് വിമത എം.എൽ.എമാർക്ക് സ്പീക്കർ നോട്ടീസ് അയച്ചതെന്നും ഉദ്ധവ് പക്ഷം കോടതിയിൽ പറഞ്ഞു.
ഹരജി തീർപ്പാക്കുന്നതിലെ സ്പീക്കറുടെ നിഷ്ക്രിയത്വം ഗുരുതരമായ ഭരണഘടന ലംഘനമാണെന്നും അത് അയോഗ്യരാക്കപ്പെടേണ്ടവരെ നിയമസഭയിൽ തുടരാനും സർക്കാറിൽ ഉത്തരവാദപ്പെട്ട പദവികൾ വഹിക്കാനും അനുവദിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. പത്താം ഷെഡ്യൂൾ പ്രകാരം നീതിപൂർവവും പക്ഷപാതമില്ലാതെയും ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്നാണ് സ്പീക്കറുടെ നിഷ്ക്രിയത്വം വ്യക്തമാക്കുന്നതെന്നും ഉദ്ധവ് പക്ഷം ആരോപിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.