അജിത്തിന്റെ കൂറുമാറ്റം പവാറിനെ രക്ഷിക്കാനോ?
text_fieldsമുംബൈ: മുഖ്യമന്ത്രി പദമാണ് അജിത് പവാറിന്റെ ലക്ഷ്യമെങ്കിലും ഇപ്പോഴത്തെ കൂറുമാറ്റത്തിനുപിന്നിൽ കടുത്ത സമ്മർദമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ. 70,000 കോടിയുടെ ജലസേചന, മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസുകളിൽ അന്വേഷണം നേരിടുകയാണ് അജിത് പവാറും അദ്ദേഹത്തിനൊപ്പം പോയ സുനിൽ തത്കരെയും. അജിത്തിന്റെയും അടുപ്പമുള്ളവരുടെയും സ്വത്തുക്കൾ ജപ്തി ചെയ്യാതിരിക്കാൻ ആദായ നികുതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അടുപ്പക്കാരുടെ പേരിലുള്ളത് അജിത്തിന്റെ ബിനാമി സ്വത്താണെന്നാണ് ആരോപണം.
1999 മുതൽ എൻ.സി.പി അധികാരത്തിലിരുന്നപ്പോഴെല്ലാം അജിത്തോ തത്കരെയോ ആയിരുന്നു ജലസേചന വകുപ്പ് മന്ത്രിമാർ. സഹകരണ ബാങ്ക് കേസ് അജിത്തിലൂടെ ശരദ് പവാറിലേക്ക് നീളുമെന്ന സൂചനയുമുണ്ട്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് സഹകരണ ബാങ്ക് കേസിൽ ശരദ് പവാറിനെ ഇ.ഡി ചോദ്യംചെയ്യാൻ വിഫല ശ്രമം നടത്തിയിരുന്നു. ഇ.ഡി കാര്യാലയത്തിലേക്ക് ചെല്ലാൻ പവാർ തയാറായതോടെ അണികൾ ഇളകി. അതോടെ ഇ.ഡിക്ക് പിന്മാറേണ്ടിവന്നു. അന്ന് തന്നിലൂടെ തന്റെ കുടുംബകാരണവർകൂടിയായ പവാറിനെ ബി.ജെ.പി ലക്ഷ്യംവെക്കുകയാണെന്ന് അജിത് പവാർ വാർത്തസമ്മേളനത്തിൽ വൈകാരികമായി പറഞ്ഞിരുന്നു.
അജിതിന്റെ വിമത നീക്കത്തിനുപിന്നിൽ പവാർ മകൾ സുപ്രിയയെ പിൻഗാമിയായി പ്രഖ്യാപിച്ചതിലുള്ള അരിശമാണെന്നാണ് പ്രചരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം അജിത് ‘ദാദ’ തനിക്ക് വല്യേട്ടനാണെന്നും പോയവർ തെറ്റുതിരുത്തി തിരിച്ചുവന്നാൽ വലിയ സന്തോഷമെന്നും സുപ്രിയ പറയുന്നു. പാർട്ടി പിളർപ്പിന്റെ സൂത്രധാരകർ പ്രഫുല് പട്ടേലും സുനിൽ തത്കരെയുമാണെന്നാണ് സുപ്രിയയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി അവർക്കെതിരെ നടപടി ആവശ്യപ്പെട്ടത് സുപ്രിയയാണ്. ശരദ് പവാറിന്റെ ജ്യേഷ്ഠന്റെ മകനാണ് അജിത് പവാർ.
പ്രായത്തിലും രാഷ്ട്രീയ പരിചയത്തിലും സുപ്രിയയേക്കാൾ മുതിർന്നവൻ. ഇന്നോളം പാർട്ടിയിൽ രണ്ടാമനായി പലരും കണ്ടത് അജിത് പവാറിനെയാണ്. പെട്ടെന്ന് ദേഷ്യം വന്നു പിണങ്ങിപ്പോകുന്നതാണ് അജിത്തിന്റെ പ്രകൃതം. ഇത്തരം ഘട്ടങ്ങളിൽ സുപ്രിയയാണ് അജിത്തിനെ അനുനയിപ്പിക്കാറ്. എന്നാൽ, സുപ്രിയ എം.പിയായി ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയതോടെ പവാറിന്റെ പിൻഗാമി ആരെന്ന ചോദ്യമുയർന്നു. മാസം മുമ്പ് പ്രഫുൽ പട്ടേലിനൊപ്പം ദേശീയ വർക്കിങ് പ്രസിഡന്റായി സുപ്രിയയെ പവാർ നിയോഗിച്ചതോടെ അജിത് ക്ഷുഭിതനാണെന്ന് റിപ്പോർട്ടുകൾ വന്നു. തൊട്ടുപിന്നാലെ എൻ.സി.പിയിലെ പിളർപ്പും.
അജിത്–ഫഡ്നാവിസ് വകുപ്പ് വിഭജന ചർച്ച
മുംബൈ: ഏക്നാഥ് ഷിൻഡെ സർക്കാറിൽ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വകുപ്പു ചർച്ചയുമായി അജിത് പവാർ. മറ്റ് എട്ട് എൻ.സി.പി വിമത എം.എൽ.മാരും മന്ത്രിമാരായി അജിതിനൊപ്പം അധികാരമേറ്റിരുന്നു.മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് അജിത്, ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ എന്നിവർ മറ്റൊരു ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി തിങ്കളാഴ്ച ചർച്ചനടത്തി.
ഇതിനിടയിൽ അജിത്തിന് ബി.ജെ.പി മുഖ്യമന്ത്രിപദമാണ് വാഗ്ദാനം ചെയ്തതെന്ന് കോൺഗ്രസ് നേതാവ് പൃഥ്വീരാജ് ചവാൻ അവകാശപ്പെട്ടു. മുഖ്യമന്ത്രിപദത്തിൽ ഏക്നാഥ് ഷിൻഡെയുടെ നാളുകൾ എണ്ണപ്പെട്ടെന്നും അജിത് ഉടൻ മുഖ്യനാകുമെന്നും ഉദ്ധവ് താക്കറെ പക്ഷവും അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.