കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കണമെന്ന് അജിത് പവാറിന്റെ മാതാവ്; ഇരു എൻ.സി.പികളും ഒന്നിക്കുമെന്ന് അഭ്യൂഹം
text_fieldsമുംബൈ: പവാർ കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കണമെന്ന് ആവശ്യപ്പെട്ട് അജിത് പവാറിന്റെ മാതാവ് ആഷാതായ്. അജിതും ശരത് പവാറും ഒന്നിക്കണമെന്ന ആഗ്രഹമാണ് അവർ പ്രകടിപ്പിച്ചിരിക്കുന്നത്. വിത്താൽ-രുഗ്മണി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രതികരണം നടത്തുകയായിരുന്നു അവർ.
പവാർ കുടുംബത്തിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹം. ദൈവം പ്രാർഥന കേൾക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. ഇരു വിഭാഗം എൻ.സി.പികളും ഒന്നിക്കുമെന്ന അഭ്യൂഹത്തിനിടയിലാണ് അജിത് പവാറിന്റെ മാതാവിന്റെ പ്രതികരണവും പുറത്ത് വരുന്നത്.
ഇതിന് മുമ്പും പവാർ കുടുംബത്തിൽ നിന്ന് ഇരു വിഭാഗം എൻ.സി.പികളും ഒന്നിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എം.എൽ.എ രോഹിത് പവാറിന്റെ മാതാവ് സുനന്ദയാണ് അജിതും ശരത് പവാറും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.
നേരത്തെ അജിത് പവാർ ശരത് പവാറിന്റെ വസതിയിൽ സന്ദർശനം നടത്തിയതും വാർത്തയായിരുന്നു. ഇതിന് പിന്നാലെ ശരത് പവാറിന് ജന്മദിന ആശംസകൾ നേരാനാണ് എത്തിയതെന്നും തങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബന്ധമാണ് ഉള്ളതെന്നും നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാവില്ലെന്നും വ്യക്തമാക്കി എൻ.സി.പി വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.