എ.ജെ.എസ്.യു നേതാവ് സുധേഷ് മഹ്തോ സില്ലിയിൽ ജനവിധി തേടും; ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത്
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി സുധേഷ് മഹ്തോയുടെ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ (എ.ജെ.എസ്.യു). എട്ട് സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് എ.ജെ.എസ്.യു പുറത്തിറക്കിയത്.
എ.ജെ.എസ്.യു അധ്യക്ഷൻ സുധേഷ് മഹ്തോ സില്ലി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. രണ്ട് സ്ഥാനാർഥികളുടെ പേരുകൾ അടുത്ത ദിവസം പ്രഖ്യാപിക്കും.
ഝാർഖണ്ഡിൽ എൻ.ഡി.എ സഖ്യത്തിന്‍റെ ഭാഗമായ എ.ജെ.എസ്.യു 10 സീറ്റുകളിലാണ് മൽസരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ഓൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ രണ്ട് സീറ്റിലാണ് വിജയിച്ചത്.
സീറ്റ് വിഭജനം പ്രകാരം 81 അംഗ നിയമസഭയിൽ ബി.ജെ.പി 68 സീറ്റുകളിലും ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) രണ്ട് സീറ്റിലും ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) ഒരു സീറ്റിലും മൽസരിക്കും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് (എച്ച്.എ.എം) ഇത്തവണ സീറ്റില്ല.
2019ൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) നേതൃത്വത്തിൽ യു.പി.എ സഖ്യം 47 സീറ്റ് നേടി സംസ്ഥാനത്ത് ഭരണം പിടിച്ചു. ബി.ജെ.പി 25 സീറ്റിലും എൻ.സി.പി, സി.പി.ഐ (എം.എൽ) എന്നിവർ ഓരോ സീറ്റുകളിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചു.
ഝാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.