ചൈനക്ക് കീഴടങ്ങിയാണ് അതിർത്തിയിലെ സേനാപിന്മാറ്റമെന്ന് എ.കെ. ആൻറണി
text_fieldsന്യൂഡൽഹി: ചൈനക്ക് കീഴടങ്ങിയാണ് അതിർത്തിയിലെ സേനാപിന്മാറ്റമെന്ന് മുൻപ്രതിരോധമന്ത്രി എ.കെ. ആൻറണി. സേനയുടെ നിയന്ത്രണത്തിലായിരുന്ന പല മേഖലകളും ചൈനക്ക് വിട്ടു കൊടുത്തു. കഴിഞ്ഞ ഏപ്രിൽ മധ്യത്തിനു മുമ്പത്തെ സ്ഥിതി ഇന്ത്യ, ചൈന അതിർത്തിയിൽ ഉടനീളം എന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ആൻറണി ആവശ്യപ്പെട്ടു.
സേനാ പിന്മാറ്റത്തിൽ മോദിസർക്കാറിനെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതിക്കൂട്ടിലാക്കിയിരുന്നു. മുതിർന്ന പ്രതിരോധ വിദഗ്ധരും സേനാപിന്മാറ്റ ധാരണയിൽ ഇന്ത്യക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ മുൻപ്രതിരോധ മന്ത്രി സാഹചര്യങ്ങൾ വിശദീകരിച്ചത്. ഏറ്റവുമൊടുവിൽ പാങ്ങോങ് മേഖലയിൽ ഉണ്ടാക്കിയ ധാരണയും അതിനുമുമ്പത്തെ ഒത്തുതീർപ്പുകളും വഴി അതിർത്തിയിലെ മുന്നണി മേഖലകളിൽനിന്ന് ഇന്ത്യൻ സേനക്ക് പിന്നാക്കം മാറേണ്ടി വെന്നന്ന് ആൻറണി പറഞ്ഞു. അതിർത്തിയിൽ സംഘർഷം നീങ്ങണം. എന്നാൽ, അതിനു രാജ്യം എന്തു വില കൊടുക്കേണ്ടി വരുന്നു എന്നത് പ്രധാനമാണ്. ശരിക്കും കീഴടങ്ങലാണ് നടന്നത്.
പാങ്ങോങ്ങിൽ ഫിംഗർ എട്ട് പർവത ശിഖരം വരെ ഇന്ത്യയും ഫിംഗർ നാലു വരെ ചൈനയും പട്രോളിങ് നടത്തിയിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം ഫിംഗർ എട്ടാണ് യഥാർഥ നിയന്ത്രണ രേഖ. എന്നാൽ, സേനാ പിന്മാറ്റ ധാരണ അനുസരിച്ച് ഇന്ത്യക്ക് ഫിംഗർ മൂന്നിലേക്ക് പിന്മാറേണ്ടി വന്നു. നേരത്തേ കൈലാഷ് റേഞ്ച് പിടിച്ച ഇന്ത്യൻ സേനക്ക് അവിടെനിന്നും പിന്മാറേണ്ടി വന്നു. ഇന്ത്യൻ സേനക്ക് ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാമെന്ന തന്ത്രപരമായ പ്രാധാന്യം കൈലാഷ് റേഞ്ചിന് ഉണ്ടായിരുന്നു.
ഗൽവാനിലെ സംഘർഷത്തിലും ഇന്ത്യക്ക് പരിക്കു പറ്റി. 1962ലെ യുദ്ധകാലത്തു പോലും ഗൽവാൻ തർക്കരഹിതമായ ഇന്ത്യൻ മണ്ണായിരുന്നു. അത് സർക്കാർ സംരക്ഷിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും ചൈനയാണ് നേട്ടമുണ്ടാക്കിയത്. ചൈന അവരുടെ കാവൽ കേന്ദ്രം നിലനിർത്തിയപ്പോൾ, ധാരണ പ്രകാരം ബഫർ സോണാക്കിയ മേഖലയിൽനിന്ന് ഇന്ത്യൻ സേനക്ക് പിൻവാങ്ങേണ്ടി വന്നു. ദോക്ലാം സംഘർഷത്തിനു ശേഷം ചൈന അവരുടെ മേഖലയിൽ സേനാ സന്നാഹങ്ങൾ ബലപ്പെടുത്തുന്നു. അവർക്ക് വേണമെങ്കിൽ ഏതു സമയത്തും ഇന്ത്യൻ മണ്ണിലേക്ക് കടന്നു വരാമെന്ന സ്ഥിതി. എന്നാൽ, അതു മുന്നിൽക്കണ്ട് ആസൂത്രണം നടത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. അരുണാചൽ പ്രദേശ്, ലഡാക്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയോടു ചേർന്ന ഇന്ത്യ, ചൈന അതിർത്തിയിലെ ഇന്നത്തെ യഥാർഥ സ്ഥിതി സർക്കാർ ജനങ്ങളോട് വിശദീകരിക്കണം.
കരയിലും കടലിലും ഒരുപോലെ ചൈന ഇന്ത്യക്കു നേരെ കരുത്തു കാണിച്ച് വിന്യാസം ശക്തിപ്പെടുത്തുന്നുണ്ട്. പാകിസ്താനും പ്രകോപനങ്ങൾ തുടരുന്നു. ഇങ്ങനെ ദ്വിമുഖ യുദ്ധസമാന സാഹചര്യമാണ് ഇതാദ്യമായി ഇന്ത്യ നേരിടുന്നത്. അതിർത്തിയിൽ വർധിച്ച മുഴുസമയ ജാഗ്രതയും ക്രമീകരണങ്ങളും വേണ്ട സമയത്ത് പ്രതിരോധത്തിന് ബജറ്റിൽ നാമമാത്രമായ തുക വർധിപ്പിച്ചത് വലിയ പോരായ്മയാണ്. രാജ്യത്തോടും സേനയോടുമുള്ള വഞ്ചനയാണിതെന്നും ആൻറണി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.