കർഷകർക്കായി ഒരുമിക്കാൻ പ്രതിപക്ഷ കക്ഷികളോട് അകാലി ദൾ; പ്രതികരിച്ച് തൃണമൂലും ശിവസേനയും
text_fieldsചണ്ഡിഗഢ്: കാർഷിക ബില്ലിൽ ഉടക്കി എൻ.ഡി.എ വിട്ടതിന് പിന്നാലെ രാജ്യത്തെ കർഷകരെ രക്ഷിക്കുന്നതിനായി ഒരുമിച്ച് പോരാടാൻ പ്രതിപക്ഷകക്ഷികളോട് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ.
കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമ പരിരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച കേന്ദ്രത്തിെൻറ നിലപാടിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി വിടുന്നതായി അകാലി ദൾ ശനിയാഴ്ച പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ പഞ്ചാബി ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത നടപടി പാർട്ടിയെ ചൊടിപ്പിച്ചിരുന്നു.
പഞ്ചാബിൽ കോൺഗ്രസിൽ നിന്നും ആം ആദ്മി പാർട്ടിയിൽ നിന്നും കനത്ത വെല്ലുവിളികൾ നേരിടുന്ന അകാലിദൾ വിഷയത്തിൽ എല്ലാരാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടി.
ബില്ലുകളിൽ പ്രതിഷേധിച്ച് അകാലി ദളിെൻറ മന്ത്രി ഹർസിമ്രത് കൗർ ബാദൽ നേരത്തെ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു. രാജ്യമൊട്ടാകെ കർഷക പ്രക്ഷോഭം രൂക്ഷമാവുകയും അകാലിദൾ തട്ടകമായ പഞ്ചാബിലും അയൽസംസ്ഥാനമായ ഹരിയാനയിലും കർഷക ലക്ഷങ്ങൾ തെരുവിലിറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി മുന്നണി വിടാനുള്ള തീരുമാനമെടുത്തത്.
ബാദലിെൻറ ആവശ്യത്തോട് ശിവസേനയും തൃണമൂൽ കോൺഗ്രസും അനുകൂലമായി പ്രതികരിച്ചു. 'കർഷകർക്ക് വേണ്ടി നിൽക്കാനുള ബാദലിെൻറയും അകാലി ദളിെൻറയും തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുന്നു. കർഷകർക്കായി പോരാടുകയെന്നത് തൃണമൂലിെൻറ ഡി.എൻ.എയിൽ ഉള്ളതാണ്. കർഷകരുടെ അവകാശങ്ങൾക്കായി 2006ൽ സ്വന്തം ജീവൻ പോലും പണയം വെച്ച് 26 ദിവസം ഉപവാസമിരുന്നിട്ടുണ്ട് മമത ബാനർജി. സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ തന്നെ കാർഷിക ബില്ലിനെ ഞങ്ങൾ എതിർക്കുന്നു.' -തൃണമൂൽ എം.പി ഡെറിക് ഒബ്രീൻ ട്വീറ്റ് ചെയ്തു.
'കർഷകരുടെ താൽപര്യം മുൻനിർത്തി എൻ.ഡി.എയുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ച അകാലി ദളിെൻറ തീരുമാനത്തെ ശിവസേന അഭിനന്ദിക്കുന്നു.'- ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
'കർഷകരുടെ സാമ്പത്തിക സ്ഥിതി മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നതാണ്. കർഷകരുടെ ഉൽപ്പന്നങ്ങളുടെ ഗതിയെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിപ്പിക്കുന്ന പുതിയ കാർഷിക ബില്ലുകൾ രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കാം. രാജ്യത്തിെൻറ വിശാലമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഞങ്ങളുടെ പോരാട്ടം' പഞ്ചാബിൽ പാർട്ടി പ്രവർത്തകരെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിക്കവേ പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.
ശിവസേനക്കും തെലുഗുദേശം പാർട്ടിക്കും ശേഷം എൻ.ഡി.എ വിട്ട മൂന്നാമത്തെ വലിയ പാർട്ടിയാണ് അകാലി ദൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.